31 വരെ നിർദേശങ്ങൾ പാലിക്കണം
അവഗണിച്ചവർക്കെതിരെ കേസെടുക്കാൻ കളക്ടറുടെ റിപ്പോർട്ട്
കൊല്ലം: കൊറോണ ജാഗ്രതയുടെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ അവഗണിച്ചാൽ നിയമ നടപടി വൈകിപ്പിക്കേണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പൂർണമായും അവഗണിച്ച് ആഘോഷങ്ങൾ നടത്തിയവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കണമെന്ന് കാട്ടി വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും ആരോഗ്യ വകുപ്പും ഇന്നലെ കളക്ടർക്ക് റിപ്പോർട്ട് നൽകി.
ഇതിന്റെ കൂടി അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനും വെല്ലുവിളിക്കുന്നവർക്കെതിരെ നടപടി കർശനമാക്കാനും കളക്ടർ നിർദേശം നൽകി. മാനദണ്ഡങ്ങൾ നടപ്പാക്കാൻ പൊലീസ് ഇടപെടൽ ഉറപ്പ് വരുത്തും. ഇന്നലെ ജില്ലയിൽ നടന്ന വിവാഹ ചടങ്ങുകളിൽ 50ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും കൂടുതൽ ആളുകൾ പങ്കെടുത്തു. ഇതോടെയാണ് മൃദുസമീപനം മാറ്റി നടപടിയിലേക്ക് നിങ്ങാൻ നിർബന്ധിതമായത്.
1. ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയവയിൽ 50 പേരിൽ കൂടുതൽ ഒന്നിച്ച് കൂടരുത്.
2. നിർദേശം അവഗണിച്ച് കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ ജനക്കൂട്ടത്തെ പിരിച്ച് വിടാൻ പൊലീസ് ഇടപെടും.
3. പൊലീസ് ആവശ്യപ്പെട്ടാൽ ഓഡിറ്റോറിയത്തിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിക്കും വാട്ടർ അതോറിറ്റിക്കും നിർദേശം.
4. ചടങ്ങുകളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ഓഡിറ്റോറിയങ്ങൾ പൂട്ടി സീൽ ചെയ്ത് ലൈസൻസ് റദ്ദാക്കും.
5.നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട നിയമങ്ങളിലേതിന് പുറമെ ദുരന്ത നിവാരണ നിയമ പ്രകാരം കൂടി ശിക്ഷാ നടപടി സ്വീകരിക്കും.
''
നിർദേശങ്ങൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവഗണിച്ചാൽ കർശനമായ നിയമ നടപടികളുണ്ടാകും.
ബി.അബ്ദുൽനാസർ, ജില്ലാ കളക്ടർ