c
ചടങ്ങുകൾ മാറ്റിവയ്ക്കുന്നു, ലളിതമാകുന്നു

കൊല്ലം: ചടങ്ങുകളിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി സർക്കാർ നിജപ്പെടുത്തിയതോടെ ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ പലതും മാറ്റിവച്ചു. 31 നുള്ളിൽ നടക്കേണ്ടിയിരുന്ന വിവാഹങ്ങളാണ് വരന്റെയും വധുവിന്റെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് മറ്റൊരു തീയതിലേക്ക് മാറ്റിയത്.

31 വരെ ജാഗ്രത വേണമെന്നും ജനക്കൂട്ടം പാടില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. വിവാഹം ലളിതമാക്കണമെന്ന നിർദേശം വീടുകളിലെത്തി അറിയിച്ചിട്ടും അംഗീകരിക്കാതെ വലിയ ജന പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലും കല്യാണങ്ങൾ നടന്നു. ഇതറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരെ ഓഡിറ്റോറിയങ്ങൾക്ക് മുന്നിൽ തടഞ്ഞു. 50 പേരിൽ കൂടുതൽ അകത്ത് കയറാൻ അനുവദിക്കില്ലെന്ന് അറിയിച്ച് ഉദ്യോഗസ്ഥർ ഗേറ്റ് പൂട്ടി. ഇതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങ് നടക്കുന്നിടത്തേക്ക് കയറാനാകാതെ റോഡിൽ കാത്ത് നിൽക്കേണ്ടി വന്നു.

വിലക്ക് ലംഘിച്ച് വലിയ പങ്കാളിത്തത്തോടെ ചടങ്ങ് നടത്തിയാൽ സർക്കാരിന്റെ ഇതേ ഇടപെടൽ ആവർത്തിക്കുമെന്ന ആശങ്കയ്ക്കൊപ്പം മഹാമാരിയുടെ കാലത്തെ നിർദേശങ്ങൾ അംഗീകരിക്കുകയെന്ന ബോദ്ധ്യം കൂടി ഉൾക്കൊണ്ടാണ് കല്യാണങ്ങൾ മാറ്റിവയ്ക്കാൻ രക്ഷകർത്താക്കൾ തയ്യാറായത്. മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയുമാണ് വിവാഹം മാറ്റിവച്ച വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നത്. സാമൂഹ്യബോധം ഉൾക്കൊണ്ട് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങ് മാറ്റിവയ്ക്കാൻ തയ്യാറായവരെ അഭിനന്ദിക്കുകയാണ് ആരോഗ്യ വകുപ്പും സർക്കാർ സംവിധാനങ്ങളും.

വിവാഹങ്ങൾ ലളിതമാക്കി

ചടങ്ങുകൾ ലളിതമാക്കി വിവാഹങ്ങൾ നടത്താൻ തീരുമാനിച്ചവരും ഏറെയാണ്. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത നിരവധി വിവാഹങ്ങൾ ഇന്നലെ ജില്ലയിൽ നടന്നു. ഓഡിറ്റോറിയങ്ങൾ ഒഴിവാക്കി വധുവിന്റെ വീട്ടിലെ ചെറിയ ചടങ്ങായിട്ടായിരുന്നു വിവാഹം. സദ്യ വട്ടങ്ങളും ചുരുക്കി. ചിലർ പിന്നീട്

വലിയ വിവാഹ സത്കാരം ആലോചിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇനി വേറെ ചടങ്ങുകൾ നടത്തുന്നില്ലെന്ന നിലപാടിലാണ്. മഹാമാരിയുടെ കാലത്ത് മാതൃകയാകുന്നവരെ ആദരവോടെ അംഗീകരിക്കുകയാണ് സമൂഹം.