police
തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവിൽ എത്തിയ ബസ് പരിശോധിക്കുന്ന പൊലിസും , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും.

പുനലൂർ: കോവിഡ് -19 പടരുന്നത് തടയാൻ തമിഴ്നാട് അതിർത്തിയിൽ പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകൾ കർശനമാക്കി. അതിർത്തിയിലെ കോട്ടവാസൽ, ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റ്, അച്ചൻകോവിൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് തമിഴ്നാട്ടിൽ നിന്ന് ബസ് അടക്കമുള്ള വാഹനങ്ങളിലെത്തുന്ന യാത്രക്കാരെ ഹെൽത്ത് ക്ലീനിംഗ് പരിശോധനകൾക്ക് വിധേയമാക്കുന്നത്.

യാത്രക്കാരിൽ ചുമയോ പനിയോ ഉള്ളവരെ പരിശോധിക്കുകയും ബോധവത്കരണം നൽകുകയും ചെയ്യുന്നുണ്ട്. തമിഴ്നാട് കോർപ്പറേഷന്റെ ബസുകൾക്ക് പുറമെ അയൽ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന്റെ നിർദ്ദേശത്തെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, തെന്മല സി.ഐ മണികണ്ഠൻ ഉണ്ണി, എസ്.ഐ പ്രവീൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ.

230 പേർ വീടുകളിൽ

നിരീക്ഷണത്തിൽ

ജില്ലാ റൂറൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ 230 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വീടിന് പുറത്തിറങ്ങരുതെന്ന് ജനമൈത്രീ പൊലീസ് കർശന നിർദ്ദേശം നൽകി. ഇവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പും ആശാവർക്കർമാരും ത്രിതല പഞ്ചായത്ത് അധികൃതരും ശേഖരിച്ച് വരികയാണ്. രോഗ ലക്ഷണം ഉള്ളതായി സംശയം തോന്നിയാൽ ചികിത്സ ലഭ്യമാക്കാനുള്ള സംവിധനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.