v
നെടുവത്തൂരിൽ സ്ഥിരം സമിതി അദ്ധ്യക്ഷനായ: സി.പി.എം നേതാവും പ്രവർത്തകരും സി.പി.ഐയിലേക്ക്

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും സി.പി.എം നേതാവുമായ ബി.വിജയൻപിള്ള പാർട്ടിയിൽ നിന്ന് രാജിവച്ചു. താനും പാർട്ടി മെമ്പർമാരായ നൂറോളം പേരും സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി വിജയൻ പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിയിലെ ഒരുവിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിജയൻപിള്ള ആരോപിച്ചു. നാലര വർഷമായി പഞ്ചായത്ത് ഭരണത്തിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി താൻ ഉൾപ്പെടെയുള്ള സ്ഥിരം സമിതി അദ്ധ്യക്ഷരെ രാജിവയ്പിച്ചു. പാർട്ടി നിർദ്ദേശ പ്രകാരം അവിശ്വാസവും അവതരിപ്പിച്ചിരുന്നു. പഞ്ചായത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സമരവും പ്രചാരണ ജാഥയും നടത്തി. എന്നാൽ ഇതെല്ലാം ചിലർ അട്ടിമറിച്ചു.

പാർലമന്ററി പാർട്ടി നേതാവായ തന്നെ അറിയിക്കാതെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടിയംഗം പോലുമല്ലാത്ത മെമ്പറായ ഉഷാകുമാരിയെ മത്സരിപ്പിച്ചതിനാലാണ് താനും മത്സരിച്ചത്. ദയനീയ പരാജയമാണ് പാർട്ടി സ്ഥാനാർത്ഥിക്ക് ഉണ്ടായത്. സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ് സി.പി.എമ്മിലുള്ളതെന്നും വിജയൻപിള്ള ആരോപിച്ചു.

അജയൻപിള്ള, ജയേഷ്, ജിജോ മോൻ, സജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.