നിർമ്മാണ സാമഗ്രികൾ മൺറോത്തുരുത്തിലേക്ക് മാറ്റി
കുണ്ടറ: പള്ളിമുക്ക് - മൺറോത്തുരുത്ത് റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി നിർമ്മാണം ആരംഭിച്ച കുണ്ടറ പള്ളിമുക്ക് - രണ്ടുറോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചു. മുളവനയിൽ സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ ഇപ്പോൾ പദ്ധതിയുടെ രണ്ടാംഘട്ടമായ മൺറോത്തുരുത്ത് - ചിറ്റുമല റോഡിന്റെ നിർമ്മാണത്തിന് വേണ്ടി മാറ്റിയിരിക്കുകയാണ്.
കുണ്ടറ പള്ളിമുക്ക് മുതൽ രണ്ടുറോഡ് വരെയും ചിറ്റുമല മുതൽ മൺറോത്തുരുത്ത് വരെയും രണ്ട് ഘട്ടമായാണ് പദ്ധതി പ്രകാരം റോഡ് പുനർനിർമ്മിക്കുന്നത്. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി മുളവന പള്ളിമുക്ക് മുതൽ പൊട്ടിമുക്ക് വരെയുള്ള റോഡ് വെട്ടിപ്പൊളിച്ചിരുന്നു. പൈപ്പിടൽ പൂർത്തിയാക്കി ഒന്നര വർഷത്തിന് ശേഷമാണ് ഇവിടെ മാത്രം ഒരു കിലോമീറ്റർ ദൂരം ടാറിംഗ് പൂർത്തിയാക്കിയത്. നിർമ്മാണം പുനരാരംഭിച്ചെന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് നിർമ്മാണ സാമഗ്രികൾ മൺറോത്തുരുത്തിലേക്ക് മാറ്റിയത്.
അൻപതിലധികം ബസ് സർവീസുകൾ
കുണ്ടറ - ഭരണിക്കാവ് ബസ് സർവീസുകൾ ഉൾപ്പെടെ അൻപതിലധികം ദീർഘദൂര സർവീസുകളാണ് പള്ളിമുക്ക് - രണ്ടുറോഡിലൂടെ പോകുന്നത്. കുണ്ടറ പള്ളിമുക്കിൽ നിന്ന് കൊല്ലം - തേനി ദേശീയപാതയിൽ എത്തിച്ചേരുന്ന രണ്ടുറോഡ് വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയായാൽ കായംകുളം, മാവേലിക്കര, കൊല്ലം ചെങ്ങന്നൂർ ചെയിൻ സർവീസുകൾക്ക് അടക്കം ഗുണകരമാകും. ഈ സാഹചര്യത്തിലാണ് നിർമ്മാണം പാതിവഴിയിൽ നിറുത്തിവച്ച് രണ്ടാംഘട്ടമായ മൺറോത്തുരുത്ത് - ചിറ്റുമല റോഡിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
കരാറുകാരനും ഉദ്യോഗസ്ഥരും പടലപ്പിണക്കത്തിൽ
റോഡ് നിർമ്മാണത്തിന്റെ കരാർ എടുത്തിരുന്നത് കിളിമാനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ആയിരുന്നു. പിന്നീട് പുറത്തുനിന്നും രണ്ട് കമ്പനികളെയും കൂട്ടിച്ചേർത്ത് പുതിയ കമ്പനിക്ക് രൂപം നൽകി. നിലവിൽ പുതിയ കമ്പനിയാണ് നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നത്. ഇപ്പോൾ മൂന്ന് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കമാണ് നിർമ്മാണം നീണ്ടുപോകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മെറ്റലിന്റെ ലഭ്യതകുറവാണ് നിർമ്മാണ പ്രവൃത്തികൾ മുന്നോട്ട് പോകുന്നതിനുള്ള കാലതാമസം. പള്ളിമുക്ക് - രണ്ടുറോഡ് ഭാഗത്തെ നിർമ്മാണത്തിന് ആവശ്യമായ നിർമ്മാണ സാമഗ്രികൾ കുറവായിരുന്നു. അതിനാലാണ് മൺറോത്തുരുത്ത് ഭാഗത്ത് നിന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഷാജി (എ.ഇ, പി.ഡബ്ലിയു.ഡി കുണ്ടറ)
പദ്ധതിയുടെ പള്ളിമുക്ക് - രണ്ടുറോഡ് ഭാഗം അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണം. റോഡിന്റെ ശോച്യാവസ്ഥ കാരണം ഭരണിക്കാവിലേക്ക് പോകേണ്ട യാത്രക്കാർ തേനി ദേശീയപാതയാണ് തിരഞ്ഞെടുക്കുന്നത്. നിർമ്മാണം ആരംഭിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും പ്രദേശത്തെ വ്യാപാരികളുടെ ദുരിതത്തിന് അറുതിയാകുന്നില്ല.
പി. സുധർമ്മ (നെല്ലിവിള വാർഡ് മെമ്പർ)
പള്ളിമുക്ക് - മൺറോതുരുത്ത് റോഡ് പുനർനിർമ്മാണം
ഉദ്ഘാടനം കഴിഞ്ഞിട്ട് 1 വർഷവും 8 മാസവും
മൺറോതുരുത്തിന്റെ ടൂറിസം വികസനം ഉൾപ്പെടെ ലക്ഷ്യമിട്ട് ആരംഭിച്ച പള്ളിമുക്ക് - മൺറോത്തുരുത്ത് റോഡിന്റെ പുനർനിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. 2018 ജൂലായ് 7ന് മുളവന ഇരുനില മുക്കിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിധ്യത്തിൽ മന്ത്രി ജി. സുധാകരൻ റോഡിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചത്.
ബി.എം.ബി.സി ലെവലിൽ നിർമ്മിക്കുന്ന റോഡിന് കിഫ്ബിയിൽ നിന്ന് 25.8 കോടി രൂപയാണ് അനുവദിച്ചത്. ഒരു വർഷവും എട്ട് മാസവും പിന്നിടുമ്പോഴും റോഡിന്റെ പുനർനിർമ്മാണം പൂർത്തിയായിട്ടില്ല.