കൊട്ടാരക്കര: ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ നികുതി കൂട്ടുകയും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, പെട്രോൾ/ഡീസൽ വില കുറഞ്ഞത് 50 രൂപയിൽ താഴെ എത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി ചക്രസ്തംഭന സമരം നടത്തി.
കൊട്ടാരക്കര ഹൈസ്‌കൂൾ ജംഗ്ഷനിൽ ചക്രസ്തംഭനം നടത്തിയതിന് ശേഷം ഇരുചക്ര വാഹനങ്ങൾ ഓഫ് ചെയ്ത് ചന്തമുക്കിലെ പെട്രോൾ പമ്പ് വരെ ഉരുട്ടിയാണ് പ്രതിഷേധ സമരം നടത്തിയത്. ചക്രസ്തംഭന സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നിയുക്ത യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് അജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കൊറോണ വൈറസിൻന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ, പെരുംകുളം ദിലീപ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനുതാജ്, ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, ഗിരീഷ് ഉണ്ണിത്താൻ, ജിബിൻ കൊച്ചഴികത്ത്, രഞ്ജു കൊട്ടാരക്കര, ബിബിൻ കുര്യൻ, വിഷ്ണു കുളക്കട എന്നിവർ പ്രസംഗിച്ചു. നിഷാദ് ആലുംചേരി, നന്ദു നാരായണൻ, അനുകുമാർ.എസ്, മനോജ് ആനക്കോട്ടൂർ, റിജിൻ, സിബി ബേബി, ബിനു കലയപുരം തുടങ്ങിയവർ നേതൃത്വം നൽകി.