കരുനാഗപ്പള്ളി : കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആർ. രാമചന്ദ്രൻ എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി. രോഗബാധ സംശയിക്കുന്നവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് യോഗം നിർദേശിച്ചു. ഇവർ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകുന്നത് കർശനമായി നിയന്ത്രിക്കാൻ ആരോഗ്യ പ്രവർത്തകരോടും നിർദ്ദേശിച്ചു. ഉത്സവങ്ങളിലെ ആൾക്കൂട്ടം കർശനമായും ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണം. ഇത് ലംഘിക്കുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കും. വിവാഹ ചടങ്ങുകൾ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന തരത്തിൽ പരിമിതപ്പെടുത്തണം. 50 പേരിൽ കൂടുതൽ പേർ എത്താതെ നോക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഒാഡിറ്റോറിയങ്ങളുടെ പേരിലും നടപടി ഉണ്ടാകും. ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം പൂർണമായും നിറുത്തി വെയ്ക്കണം. മാതാ അമൃതാനന്ദമയി മഠത്തിൽ ഉൾപ്പെടെ എത്തുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. താലൂക്ക് ആശുപത്രിയിൽ രോഗബാധ റിപ്പോർട്ട് ചെയ്താൽ ഐസലേഷൻ വാർഡുകളും സജ്ജമാക്കും.
ലഘുലേഖ വിതരണം, അനൗൺസ്‌മെന്റുകൾ തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭാ അദ്ധ്യക്ഷ ഇ. സീനത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലേഖാ കൃഷ്ണകുമാർ, എസ്. ശ്രീലത, കടവിക്കാട്ട് മോഹനൻ, എസ്.എം. ഇക്ബാൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ്, ബി.ഡി.ഒ ആർ. അജയകുമാർ, തഹസിൽദാർ എൻ. സാജിദാ ബീഗം, പഞ്ചായത്ത് സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ , പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും
പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായി ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനുകളിൽ ഓരോ നോഡൽ ഓഫീസർമാരെ വീതം ചുമതലപ്പെടുത്താനും തീരുമാനിച്ചു. അഴീക്കൽ ബീച്ചിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കി. ഇത് ലംഘിക്കുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കും. കായംകുളം ഫിഷിങ് ഹാർബറിൽ എത്തുന്ന വാഹനങ്ങളും ഹാർബറിൽ എത്തുന്നവരും കർശന നിരീക്ഷണത്തിലായിരിക്കും. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പ്രതിരോധ പ്രവർത്തനം സംബന്ധിച്ച അവലോകന യോഗം നടത്തും. പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.