photo
യാത്രക്കാർ ഒഴിഞ്ഞ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്

 കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിൽ യാത്രക്കാർ കുറവ്

കരുനാഗപ്പള്ളി: കൊറോണ വൈറസിന്റെ ഭീതിയിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയുടെ പ്രവർത്തനം താറുമാറായി. നിത്യ വരുമാനത്തിൽ വന്ന വൻ ഇടിവാണ് ഡിപ്പോയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. പുലർച്ചയോടെ കരുനാഗപ്പള്ളി ഡിപ്പോ യാത്രക്കാരെ കൊണ്ട് നിറയാറാണ് പതിവ്. അർദ്ധരാത്രിയിൽ പോലും ഡിപ്പോയിൽ ദീർഘദൂര യാത്രക്കാർ ഉണ്ടായിരിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രോഗബാധയുള്ളവരുടെ എണ്ണം കൂടിയതോടെ ഡിപ്പോയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങി. യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള 40 ഷെഡ്യൂളുകളാണ് അധികൃതർ വെട്ടിക്കുറച്ചത്. 77 ഷെഡ്യൂളുകളാണ് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. കോറോണ ഭീതി പടരുന്നതിന് മുമ്പ് വരെ ഡിപ്പോയുടെ പ്രതിദിന വരുമാനം 8 ലക്ഷം രൂപയ്ക്ക് മുകളിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ഇത് 4 ലക്ഷമായി കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ ഡിപ്പോയുടെ ദൈനംദിന കാര്യങ്ങൾ തന്നെ ബുദ്ധിമുട്ടിലായി.

77 ഷെഡ്യൂളുകളാണ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം 40 ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചത്.

വരുമാന നഷ്ടം

കോറോണ ഭീതി പടരുന്നതിന് മുമ്പ് വരെ ഡിപ്പോയുടെ പ്രതിദിന വരുമാനം 8 ലക്ഷം രൂപയ്ക്ക് മുകളിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ഇത് 4 ലക്ഷമായി കുറഞ്ഞു.

മാസ്ക്കും സാനിട്ടൈസറും

ബസുകൾ യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് പൂർണമായും അണുവിമുക്തമാക്കണമെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. എന്നാൽ വണ്ടികൾ വൃത്തിയാക്കാനുള്ള അണുനാശിനികൾ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് നൽകിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. ബസിനുള്ളിൽ യാതക്കാരുമായി ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകുന്നത് കണ്ടക്ടർമാരാണ്. ഇവർക്ക് മുഖം മറയ്ക്കാൻ ആവശ്യമായ മാസ്ക്കോ കൈകൾ അണുവിമുക്തമാക്കാനുള്ള സാനിട്ടൈസറോ നൽകുന്നില്ലെന്നും പരാതിയുണ്ട്.

ജീവനക്കാർ പ്രതിസന്ധിയിൽ

കഴിഞ്ഞ ദിവസം 40 കണ്ടക്ടർമാർക്കും 40 ഡ്രൈവർമാർക്കുമാണ് തൊഴിൽ നഷ്ടപ്പെട്ടത്. തൊഴിൽ നഷ്ടപ്പെട്ട ദിവസത്തെ ശമ്പളം ലഭിക്കുന്ന കാര്യത്തിലും ജീവനക്കാർക്ക് ഉറപ്പില്ല. ഡ്രൈവർമാരും കണ്ടക്ടർമാരും ഡിപ്പോയിൽ എത്തി ഹാജർ രേഖപ്പെടുത്തിയാലും സർവീസ് നടത്തിയില്ലെങ്കിൽ ഡ്യൂട്ടി കണക്കാക്കില്ല. ജീവനക്കാരുടെ കുഴപ്പം കൊണ്ടല്ലാതെ ഡ്യൂട്ടി നഷ്ടപ്പെട്ടാൽ ഇത് ലീവ് ആയി പരിഗണിക്കണമെങ്കിൽ തിരുവനന്തപുരത്തെ ഉയർന്ന ഉദ്യോഗസ്ഥർ വിചാരിക്കണം. ജോലിക്കായി ഡിപ്പോയിൽ എത്തുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും സ്റ്റാൻഡ് ബൈ അറ്റൻഡൻസ് നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.