കൊല്ലം: സ്കൂൾ കോളേജ് പരിസരങ്ങളിലും നഗരത്തിലെ നിരത്തുകളിലും കസർത്ത് പതിവാക്കിയ ബൈക്ക് സ്റ്റണ്ടിംഗുകാർ പൊലീസുകാർക്കും ഭീഷണിയാകുന്നു. തിങ്കളാഴ്ച രാത്രി ചിന്നക്കടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ചീറിപ്പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ചിന്നക്കട മേല്പാലം അവസാനിക്കുന്നിടത്ത് രാത്രി 11.45 ഓടെയായിരുന്നു സംഭവം. ചാമക്കട ഔട്ട് പോസ്റ്റിലെ ബൈക്ക് പട്രോളിംഗ് സംഘം ചിന്നക്കട റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുമായി റോഡിന്റെ വശത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ ബീച്ച് റോഡിൽ നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് കൂട്ടത്തിലെ രണ്ട് പൊലീസുകാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസുകാരായ ശ്രീജിത്ത്, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീജിത്തിന്റെ മുഖത്തേറ്റ പരിക്ക് സാരമാണ്. ബൈക്ക് യാത്രികരായ ആറ്റിങ്ങൽ സ്വദേശികളായ യുവാക്കൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. ഇതിലൊരാൾക്ക് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
ലക്ഷങ്ങൾ വിലയുള്ള ആഡംബര ബൈക്കുകളിലാണ് നഗരത്തിൽ ഫ്രീക്കൻമാർ അഭ്യാസ പ്രകടനം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 22, 18, 10 ലക്ഷം രൂപ വീതം വിലയുള്ള ബൈക്കുകൾ സ്റ്റണ്ടിംഗിനിടെ കൊല്ലം ട്രാഫിക് എൻഫോഴ്സ്മെന്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. റെയിൽവേ സ്റ്റേഷൻ - ചെമ്മാംമുക്ക് റോഡ്, എസ്.എൻ കോളേജ്,- കർബല റോഡ്, വിമലഹൃദയ സ്കൂൾ റോഡ്, ആശ്രാമം ലിങ്ക് റോഡ് തുടങ്ങിയിടങ്ങളാണ് ബൈക്ക് സ്റ്റണ്ടിംഗിന്റെ പ്രധാന കേന്ദ്രം. പൊലീസ് വലവിരിക്കുന്നതോടെ മുങ്ങുന്ന ഫ്രീക്കന്മാർ ദിവസങ്ങൾക്ക് ശേഷം വീണ്ടും മടങ്ങിയെത്തി അഭ്യാസം തുടരുന്നതാണ് പതിവ്. '' മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ബൈക്ക് അപകടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ബൈക്ക് സ്റ്റണ്ടിംഗുകാർക്കെതിരെ കർശന നടപടിയെടുത്ത് വരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പേരെ പിടികൂടി.''-പ്രദീപ് (ട്രാഫിക് എസ്.ഐ)
നഗരത്തിലെ പ്രധാന അഭ്യാസ (അപകട) മേഖലകൾ
01. റെയിൽവേ സ്റ്റേഷൻ - ചെമ്മാംമുക്ക് റോഡ്
02. എസ്.എൻ കോളേജ് പരിസരം
03. കർബല റോഡ്
04. വിമലഹൃദയ സ്കൂൾ റോഡ്
05. ആശ്രാമം ലിങ്ക് റോഡ്