corona

കൊല്ലം: പൂയപ്പള്ളിയിൽ അപകടത്തിൽപ്പെട്ട ഉക്രെയിൻ സ്വദേശി കൊറോണഭീതിമൂലം രക്ഷിക്കാൻ ആരുമെത്താതെ​ മുക്കാൽ മണിക്കൂർ രക്തംവാർന്ന് റോഡിൽ കിടന്നു. ഇന്നലെ രാവിലെ ഒൻപതോടെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനുസമീപമാണ്‌ വിനോദസഞ്ചാരിയായ ഉക്രെയിൻ സ്വദേശി നിക്കോളസ് ക്രെയിൻ അപകടത്തിൽപ്പെട്ടത്. രക്തം വാർന്നു കിടന്ന സഞ്ചാരിയെ കൊല്ലത്തുനിന്ന് ട്രാക്ക് സന്നദ്ധസംഘടനാ പ്രവർത്തകർ ആംബുലൻസിലെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

വർക്കലയിലെ ഫ്ളാറ്റിൽ താമസിച്ചുവന്ന നിക്കോളസ് സ്കൂട്ടറിൽ നാടുചുറ്റാൻ ഇറങ്ങിയതായിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുള്ള യാത്രയ്ക്കിടയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു. കാലിന് സാരമായി പരിക്കേറ്റ നിക്കോളസിനെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികളാരും തയ്യാറായില്ല. സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസ് വിളിച്ചെങ്കിലും വന്നില്ല.

വിദേശിയാണെന്ന് അറിഞ്ഞതോടെ എല്ലാവരും ഒഴിഞ്ഞുമാറുകയായിരുന്നു. വിവരമറിഞ്ഞ ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ട്രാക്ക് വോളന്റിയർമാരായ അമീനും തങ്ങളും സംഘടനയുടെ ആംബുലൻസിൽ 9.45 ഓടെ സ്ഥലത്തെത്തി നിക്കോളസിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം ഉച്ചയോടെ വർക്കലയിലെ ഫ്ലാറ്റിലേക്ക് മാറ്റി.

പേടിയില്ലാതെ ട്രാക്ക്

മാറാരോഗങ്ങൾ ബാധിച്ച് അവശരാകുന്നവരെയും മരിക്കുന്നവരെയും ആശുപത്രിയിലെത്തിക്കാൻ ഏതു സമയത്തും ഓടിയെത്തുന്നവരാണ്‌ ട്രാക്ക് വോളന്റിയർമാർ. ഇന്നലെ കളക്ടറേറ്റിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയ വൃദ്ധന്റെ ജഡം ആശുപത്രിയിൽ എത്തിച്ചതും ട്രാക്ക് വോളന്റിയർമാരാണ്. ഡി.എം.ഒ നൽകുന്ന പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്പ്മെന്റ്സ് ധരിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.