ഇറ്റാലിയൻ സഞ്ചാരി സൃഷ്ടിച്ച ആശങ്കയ്ക്ക് വിരാമം
ഇടപഴകി നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ്
കൊല്ലം: കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ സഞ്ചാരിയുമായി ഇടപഴകിയതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉയർന്ന ആശങ്കയ്ക്ക് വലിയളവിൽ പരിഹാരമായി.
വർക്കലയിലെ റിസോർട്ടിൽ തങ്ങിയിരുന്ന ഇറ്റലിയാൻ സഞ്ചാരി രക്തപരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ ആട്ടോറിക്ഷയുടെ ഡ്രൈവർ, തിരിച്ച് മടങ്ങിയ ആട്ടോയുടെ ഡ്രൈവർ, ഇറ്റലിക്കാരന്റെ കാശ്മീർ സ്വദേശിയായ ഗൈഡ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. മൂവരും ഇന്നലെ വൈകിട്ട് ആശുപത്രിയിൽ നിന്ന് മടങ്ങി. ഇറ്രലിക്കാരന് കൊറോണ സ്ഥിരീകരിച്ച കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ മൂവരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ആട്ടോ ഡ്രൈവർമാരുടെ ബന്ധുക്കളെ വീടുകളിലും നിരീക്ഷണത്തിലാക്കിയിരുന്നു.
ജില്ലയിൽ പ്രൈമറി കോൺടാക്ട് കേസില്ല
ഇറ്റലിക്കാരനുമായി ഇടപഴകിയവർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊറോണ പ്രൈമറി കോണ്ടാക്ടുകൾ ഇല്ലാതായി. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളെത്തിയ പുനലൂരിലെ കുടുംബമായിരുന്നു നേരത്തെയുള്ള പ്രൈമറി കോണ്ടാക്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് രോഗബാധയില്ലെന്ന് രണ്ടാഴ്ച മുമ്പ് സ്ഥിരീകരിച്ചിരുന്നു.
രണ്ട് വയസുകാരി നിരീക്ഷണത്തിൽ
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരിൽ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. ഒരാഴ്ച മുമ്പ് ദുബായിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ പെൺകുട്ടിക്ക് പനി കടുത്തതോടെയാണ് കൊറോണ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.