women

വീടും കാറും മറ്റെന്തു സാമഗ്രികളും വാടകയ്ക്ക് കിട്ടുന്ന നാടാണ് ഇന്ത്യ. എന്നാൽ, ഇവിടെ ഒരു ഗ്രാമത്തിൽ ഭാര്യയെയും വാടകയ്ക്ക് കിട്ടും! മദ്ധ്യപ്രദേശിലെ ശിവപുരിയിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ് ഈ വിചിത്ര സമ്പ്രദായം പ്രചാരത്തിലുള്ളത്. ഗ്രാമത്തിലെ പണക്കാർക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മുദ്രപേപ്പറിൽ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം നിലനിൽക്കുന്നത്.

ഇതിനായി മാർക്കറ്റിനോട് സാദൃശ്യമുള്ള സംവിധാനവും ഇവിടങ്ങളിൽ ഒരുക്കും. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് പെൺകുട്ടികളെയും ഭാര്യമാരെയും ഇവിടെ വിൽപ്പനയ്ക്ക് വയ്ക്കും. ഒരിക്കൽ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പർ നൽകി മറിച്ച് വിൽക്കാനും സംവിധാനം അനുവദിക്കുന്നുണ്ട്. കരാർ കാലാവധി കഴിയുമ്പോൾ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാർ പുതുക്കാനും സാധിക്കും.

വർദ്ധിച്ചു വരുന്ന പെൺഭ്രൂണഹത്യ സ്ത്രീ പുരുഷാനുപാതത്തിൽ കാര്യമായി ബാധിക്കുന്നതിനാൽ ഇത്തരം കരാറുകൾ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിയാമെങ്കിലും പരാതിക്കാർ ഇല്ലാത്തതിനാൽ നിയമ നടപടികളുണ്ടാകാറില്ല. ഈ സമ്പ്രദായങ്ങൾക്ക് ഇരകളാകുന്നത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളാണെന്ന് മാത്രം.