v
ക്ലാസ്‌മേറ്റ്സ്

കൊല്ലം.പ്രണയത്തിന്റെയും പഠനത്തിന്റെയും സ്നേഹ കാലങ്ങളിൽ നിന്ന് ജീവിത യാഥാർത്ഥ്യത്തിന്റെ തെരുവിലേക്ക് കാമ്പസുകൾ നടന്ന് തുടങ്ങുന്നത് മാർച്ചിലാണ്. ഇനിയെന്ന് കാണും നമ്മൾ എന്ന് കൺകോണിലൊളിപ്പിച്ച വിഷാദത്തോടെ പരസ്പരം പറയാതെ പറയുന്ന നാളുകൾ. ക്ലാസ് മുറികളിൽ നിന്ന് ജീവിതത്തിന്റെ ഉച്ചവെയിലിലേക്കിറങ്ങുന്നതിന്റെ നൊമ്പരവും സങ്കടങ്ങളുമാണ് വേനലവധിക്ക് മുമ്പുള്ള കാമ്പസിൽ പൊതുവെ കാണാനാവുക. എന്നാലിത്തവണ, എല്ലാ മൃദുല വികാരങ്ങളെയും മാറ്റിവച്ച് കൊറോണയ്ക്കെതിരെയുള്ള ചെറുത്ത് നിൽപ്പാണ് കാമ്പസുകൾ കണ്ടത്. തങ്ങളാൽ കഴിയും വിധം മഹാമാരിയെ അവർ നേരിടുകയാണ്. സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ കാമ്പസുകളിൽ നിർമ്മിച്ച് പൊതുജനങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കുമെത്തിക്കുകയാണ്. കോളേജുകൾക്ക് അവധി ആയതിനാൽ വിദ്യാർത്ഥികൾ കാമ്പസിലെത്തുന്നില്ല. അവർക്കുവേണ്ടി അദ്ധ്യാപകരാണ് സാനിറ്റൈസർ നിർമ്മിച്ച് നൽകുന്നത്.

വിക്ടോറിയയിലും ജില്ലാ ആശുപത്രിയിലും

സാനിറ്റൈസറുമായി എസ്.എൻ കോളേജ്

കൊറോണയെ നേരിടാൻ കാമ്പസുകൾ അടച്ച ദിവസങ്ങളിലൊന്നിൽ കെമിസ്ട്രി വകുപ്പ് അദ്ധ്യാപകരുടെ വർത്തമാനങ്ങളിൽ കൊറോണയുടെ ആശങ്കയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ആശുപത്രികളിലെ

ഹാൻഡ് സാനിറ്റൈസർ അഭാവം പത്രങ്ങളിൽ വായിച്ചത് അദ്ധ്യാപകരിലാരോ പറഞ്ഞു. എങ്കിൽ നമുക്കത് നിർമ്മിച്ച് കൂടേയെന്ന് വകുപ്പ് മേധാവി ഡോ.വി.എൽ.പുഷ്പ സഹപ്രവർത്തകരോട് ചോദിച്ചു. പിന്നെ താമസിച്ചില്ല, കെമിസ്ട്രി ലാബിൽ ഐസോപ്രൊപൈൽ ആൽക്കഹോളും ഗ്ലിസറോളും ഹൈഡ്രജൻ ഫെറോക്സേഡും നിരന്നു. അദ്ധ്യാപകർ ഹാൻഡ് സാനിറ്റൈസറിന്റെ നിർമ്മാണത്തിലേക്ക് കടന്നു. 15 എം.എല്ലിന്റെ 50 കുപ്പികളിൽ സാനിറ്റൈസർ നിറച്ച് അദ്ധ്യാപകർ വിക്ടോറിയ ആശുപത്രിയിലെത്തി. ആശുപത്രി അധികൃതർക്ക് കൈമാറി തിരികെ മടങ്ങും മുമ്പേ ജില്ലാ ആശുപത്രിയിൽ നിന്ന് വിളിയെത്തി. കൂടുതൽ അളവിൽ നിർമ്മിക്കാൻ കുറച്ച് സമയം തരണമെന്ന് അറിയിച്ച് അദ്ധ്യാപകർ വീണ്ടും ലാബിലേക്ക്. ഇന്നലെ 100 എം.എല്ലിന്റെ 30 കുപ്പികളുമായി ജില്ലാ ആശുപത്രിയിലെത്തി. പ്രതിസന്ധി കാലത്ത് കൂടെ നിൽക്കാൻ ഓടിയെത്തിയതിന് അദ്ധ്യാപകരെ ഹൃദയത്തോട് ചേർത്ത് നിറുത്തി അഭിനന്ദിച്ചാണ് ജില്ലാ ആശുപത്രിയിലെ വൈദ്യ സമൂഹം മടക്കി അയച്ചത്.

സാധാരണക്കാർക്കിടയിൽ

ചവറ ഗവ.കോളേജ്

ഇന്നലെ ഉച്ചയോടെ ചവറ ബേബിജോൺ മെമ്മോറിയൽ ഗവ.കോളേജിലെ അദ്ധ്യാപകർ ശങ്കര മംഗലത്തെ ആട്ടോ സ്റ്റാൻഡിലെത്തി. തൊഴിലാളികളുടെ കൈയിൽ പുരട്ടാൻ ആദ്യം സാനിറ്റൈസർ നൽകി. പിന്നാലെ ഒരു ചെറിയ കുപ്പി എടുത്ത് കൈയിൽ കൊടുത്തു. പോക്കറ്റിലോ, ആട്ടോറിക്ഷയിലോ വെച്ചേക്കണം. ഇടയ്ക്കൊക്കെ എടുത്ത് കൈയിൽ പുരട്ടണം. കോളേജ് അദ്ധ്യാപകരുടെ നിർദേശങ്ങൾ കുട്ടികളെ പോലെ അവർ കേട്ടു. ആട്ടോ റിക്ഷാ സ്റ്റാൻഡിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊടുത്ത് കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർക്കും സാനിറ്റൈസർ കൈമാറി. കോളേജിലെ കെമിസ്ട്രി ലാബിൽ നിർമ്മിച്ച സാനിറ്റൈസറുമായി സമൂഹത്തിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിലേക്കാണ് അവർ ആദ്യമെത്തിയത്. പ്രിൻസിപ്പൽ ഡോ. മിനി.എൻ.രാജനും കെമിസ്ട്രി വിഭാഗം മേധാവി ഡോ.സജിത്തും പിന്തുണച്ചപ്പോൾ അദ്ധ്യാപകരായ ഡോ.മിനിത, ആന്റണി ബ്രസ്, ബി.ശ്രുതി, മേരി ശോഭ എന്നിവരാണ് ലാബിൽ സാനിറ്റൈസർ നിർമ്മിക്കാൻ കയറിയത്. അത് ജനങ്ങളിലേക്കെത്തിക്കാൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ഗോപകുമാറും ഡോ.സുനിൽകുമാറും മുന്നിട്ടിറങ്ങി. ഇവിടുത്തെ ലാബിൽ ഇനിയും ഇവർ സാനിറ്റൈസർ നിർമ്മിക്കും.

താലൂക്ക് ആശുപത്രിയെ ചേർത്ത്

നിറുത്തി ഡി.ബി കോളേജ്

ശാസ്താംകോട്ട ഡി.ബി കോളേജിലെ കെമിസ്ട്രി വകുപ്പിൽ നിന്ന് നോക്കിയാൽ കാമനകളുടെ നീല മേഘങ്ങളെ ഉള്ളിലൊളിപ്പിച്ച തടാകത്തെ അടുത്ത് കാണാം. തടാകത്തിന്റെ ശാന്തതയാണ് പൊതുവെ കാമ്പസിന്. പക്ഷേ നാടാകെ പടരുന്ന കൊറോണയുടെ അശാന്തി ഇപ്പോൾ കാമ്പസിലുമുണ്ട്. ആ അശാന്തിയെ തിരിച്ചറിഞ്ഞാണ് കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകർ പരീക്ഷാ കാലത്തെ ജോലികളെല്ലാം മാറ്റിവച്ച് സാനിറ്റൈസർ നിർമ്മാണത്തിനിറങ്ങിയത്.

കാമ്പസിൽ പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കായാണ് ആദ്യം നിർമ്മിച്ചത്. അപ്പോഴാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് സാനിറ്റൈസർ ഇല്ലെന്നറിഞ്ഞത്. അതോടെ വകുപ്പ് മേധാവി കെ.ലിസി, അദ്ധ്യാപകരായ ഡോ.ബി.ബീന, ഡോ.ഇൻഡോസ് അരവിന്ദ്, ഡോ.എസ്.ദീപ തുടങ്ങി അദ്ധ്യാപകരെല്ലാം വീണ്ടും ലാബിലെത്തി. താലൂക്ക് ആശുപത്രിയിലേക്ക് പരമാവധി സാനിറ്റൈസർ എത്തിക്കാനുള്ള ശ്രമത്തിലാണിവർ. കോളേജിന് മുന്നിൽ കൈകഴുകാൻ വെള്ളവും ഹാൻഡ് വാഷും വച്ച് 'ബ്രേക്ക് ദി ചെയിൻ' ആഹ്വാനവുമായി എൻ.എസ്.എസ് യൂണിറ്റും കൂടെയുണ്ട്.