room

പത്തനാപുരം: വിവിധ ആവശ്യങ്ങളുമായി പത്തനാപുരം താലൂക്ക് ആസ്ഥാനത്ത് എത്തുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കിൽ തടഞ്ഞുവീണ് പല്ല് പോയതുതന്നെ. ഓഫീസിനുള്ളിലെ തറയിൽ വിരിച്ചിരിക്കുന്ന ടൈലുകൾ ഇളകിയതാണ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നത്. നിരവധിപേർക്കാണ് ഇത്തരത്തിൽ തടഞ്ഞുവീണ് മുറിവുപറ്റിയത്.

ഫ്രണ്ട് ഓഫീസ് മുതൽ തഹസീൽദാരും ജീവനക്കാരും ഇരിക്കുന്ന മുറികളിലും കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസ് മുറികളിലും ടൈലുകൾ ഇളകി കിടക്കുകയാണ്. കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിട്ട് ഏഴ് വർഷമാകുമ്പോൾ ഇതിനോടകം രണ്ട് തവണ കരാർ നല്കി ടൈൽ പാകിയിരുന്നു. അവസാനം നാല് വർഷം മുമ്പാണ് ടൈൽ പാകിയത്. ഇതാണ് പൂർണമായും ഇളകിയത്. വിഷയം ജനപ്രതിനിധികൾക്കടക്കം ബോദ്ധ്യമുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പത്തനാപുരം താലൂക്ക് ഓഫീസിന് പുറമേ വില്ലേജ് ഓഫീസ്, പൊതുമരാമത്ത് ഓഫീസ്, സർവേ വിഭാഗം തുടങ്ങി നിരവധി വകുപ്പുകൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തും ടൈലുകൾ ഇളകിയത് കൂടാതെ ഭിത്തികൾ വീണ്ട് കീറി ചോർന്ന് ഒലിക്കുന്ന സ്ഥിതിയിലാണ്.

ഗുണനിലവാരം ഇല്ലാത്ത സാധനസാമഗ്രികൾ ഉപയോഗിച്ച് നിർമ്മാണം നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ഇളകിയ ടൈലുകൾക്ക് മുകളിൽ കസേരയിട്ട് സാഹസികമായാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. വിലപ്പെട്ട രേഖകളടക്കം സൂക്ഷിക്കുന്ന ഓഫീസ് മുറികളിലെ ചോർച്ചയും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.