photo
കൊട്ടാരക്കര കില ഇ.ടി.സി പരിശീലനത്തിൽ പങ്കെടുത്ത ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സോനാംഗങ്ങൾ

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് കൊട്ടാരക്കര കില ഇ.ടി.സി രണ്ടു ദിവസത്തെ പരിശീലനം നൽകി. പരിശീലനത്തിന്റ ആദ്യ ദിവസം കില ഇ.ടി.സി ടീമിനൊപ്പം ഹരിതകർമ്മ സേനാംഗങ്ങൾ പുനലൂർ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ചു പഠനം നടത്തി. കില ഇ.ടി.സി പ്രിൻസിപ്പലും ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണറുമായ ജി. കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയുടെ പഞ്ചായത്ത് - വാർഡ് തല പ്രവർത്തനങ്ങൾ പരിശീലനത്തിൽ വിശദീകരിച്ചു.

പഞ്ചായത്തിലെ ഓരോ വാർഡുകളിലും നടക്കുന്ന പ്രവർത്തനങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വിശദീകരിച്ചു. പോരായ്മകൾ വിലയിരുത്തി മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതിയും തയ്യാറാക്കി. ആലപ്പാട് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ഹരിത കർമ്മ സേനാ പ്രവർത്തനം കൂടുതൽ സജീവമാക്കാനും തീരുമാനിച്ചു. പ്ലാസ്റ്റിക്, ഒരു തവണ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന വസ്തുക്കൾ എന്നിവയുടെ സർക്കാർ നിരോധനം കർശനമായി നടപ്പാക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾ മുൻകൈയെടുക്കണം. വാർഡുകൾ തോറും അതത് വാർഡംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ എല്ലാ വീടുകളിലും ബോധവത്കരണം ഊർജ്ജിതമാക്കും. തിരുവനന്തപുരം ജില്ലാ ശുചിത്വമിഷൻ കോ - ഓർഡിനേറ്റർ എ. ഫെയ്സി, ഫാക്കൽറ്റി അംഗം അപർണ എസ്. ഗോപകുമാർ, ജി.ഇ.ഒ സജീവ് സി., റിസോഴ്സ് പേഴ്സൺ ഐ. ജയലക്ഷ്മിപിള്ള എന്നിവർ ക്ലാസെടുത്തു.