c
ഇനി കിക്കറടിച്ച്, ആക്സിലേറ്റർ കടുപ്പിച്ച്, സവാരി ഗിരി ഗിരി !

 സന്തോഷം അടക്കാനാകാതെ ഇറ്റലിക്കാരനെ കൊണ്ടുപോയ ആട്ടോ ഡ്രൈവർ

കൊല്ലം: 'എത്രയും പെട്ടെന്ന് വീട്ടിലെത്തണം, ആട്ടോയിൽ കയറണം, കിക്കറടിക്കണം, ആക്സിലേറ്റർ കടുപ്പിക്കണം, പിന്നെ സവാരി ഗിരി ഗിരി ' കോറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ സഞ്ചാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് വർക്കലയിലെത്തിച്ച ആട്ടോ ഡ്രൈവർ തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അറിഞ്ഞപ്പോൾ അടക്കാനാകാത്ത സന്തോഷത്തിലാണ്.
ഈമാസം 10ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് മെഡിക്കൽ കോളേജ് സ്റ്റാൻഡിലെ ഡ്രൈവറായ പാമ്പുറം സ്വദേശിയുടെ ആട്ടോയിൽ ഇറ്റാലിയൻ സഞ്ചാരി കയറിയത്. സായിപ്പായതിനാൽ നമ്മുടെ ആട്ടോ ഡ്രൈവർ അങ്ങോട്ട് ഒന്നും മിണ്ടാൻ പോയില്ല. ഇറ്റലിക്കാരൻ ഇങ്ങോട്ട് ഒന്നും മിണ്ടിയതുമില്ല. വർക്കല ക്ലിഫ് എന്ന് മാത്രം പറഞ്ഞു. അവിടെ കൊണ്ടിറക്കിയ ശേഷം കാശും വാങ്ങി മടങ്ങി. 13ന് രാത്രി മെഡിക്കൽ കോളേജിൽ നിന്ന് വിളിച്ചപ്പോൾ ആദ്യമൊന്ന് ഞെട്ടി. ആംബുലൻസ് ഡ്രൈവറായ അച്ഛനൊപ്പം കുട്ടിക്കാലം മുതൽ ആശുപത്രികൾ കയറിയിറങ്ങുന്നതാണ്. പക്ഷെ കൊറോണയെന്നൊക്കെ കേട്ടപ്പോൾ വല്ലാത്ത പേടി തോന്നി. ഐസൊലേഷൻ വാർഡിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭയമൊക്കെ പോയി. കൊറോണ വാർഡിലെ ദിവസങ്ങൾ അടിപൊളിയായിരുന്നുവെന്നാണ് ഈ ആട്ടോ ഡ്രൈവർ പറയുന്നത്. പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും വീട്ടിൽ 28 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാർ ആട്ടോ ഡ്രൈവറോട് നിർദ്ദേശിച്ചിട്ടുണ്ട്.