c
പരീക്ഷണവുമായി സ്വകാര്യ സ്‌കൂളുകൾ

 ഏപ്രിൽ ഒന്ന് മുതൽ പരീക്ഷയ്‌ക്ക് തയ്യാറാകാൻ നിർദേശം

കൊല്ലം: ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കിയ

സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച് ഒന്നാം ക്ലാസുകാരന് പോലും പരീക്ഷ നടത്താൻ സ്വകാര്യ സ്‌കൂളുകളുടെ ശ്രമം. കൊറോണയുടെ ജാഗ്രതാ നിർദേശം 31ന് അവസാനിക്കുമെന്നിരിക്കെ ഏപ്രിൽ ഒന്ന് മുതൽ പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ് പല സ്വകാര്യ സ്‌കൂളുകളും. കഴിഞ്ഞ ദിവസങ്ങളിൽ രക്ഷകർത്താക്കളെ സ്‌കൂളുകളിൽ നിന്ന് വിളിച്ച് കുട്ടികളെ പരീക്ഷയ്‌ക്ക് സജ്ജരാക്കണമെന്ന് നിർദേശം നൽകി.

വാർഷിക പരീക്ഷ നടത്താതെ കുട്ടിയുടെ നിലവാരം വിലയിരുത്താൻ കഴിയില്ലെന്നാണ്

ഇവരുടെ നിലപാട്. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും സർക്കാർ നിർദേശം ബാധകമാണ്. നിർദേശങ്ങളെ അവഗണിച്ച് സ്വന്തം നിലയിൽ പരീക്ഷയുമായി മുന്നോട്ട് പോയാൽ കർശനമായി ഇർപെടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളെ വാർഷിക പരീക്ഷയിൽ പൊതുവെ തോൽപ്പിക്കാറില്ല. ഏതെങ്കിലും കാരണത്താൽ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികളെ ഓണപരീക്ഷയുടെയും ക്രിസ്മസ് പരീക്ഷയുടെയും മാർക്കിന്റെ ശരാശരി വിലയിരുത്തിയാണ് വിജയിപ്പിക്കുന്നത്. ഇതേ രീതി ഇത്തവണ എല്ലാ കുട്ടികൾക്കും അവലംബിക്കാനാണ് സർക്കാർ നിർദേശം. സർക്കാർ നിർദേശത്തെ അംഗീകരിക്കാൻ എല്ലാ സ്‌കൂളുകളും ബാദ്ധ്യസ്ഥരാണെന്നും മറിച്ചുള്ള സമീപനമുണ്ടായാൽ ഉടനടി അറിയിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

''

ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിലെ പരീക്ഷ നടത്തേണ്ടെന്നാണ് സർക്കാർ നിർദേശം. പരീക്ഷ നടത്താൻ ശ്രമിച്ചാൽ ഇടപെടും.

ടി.ഷീല, വിദ്യാഭ്യാസ ഉപഡയറക്ടർ, കൊല്ലം