പരവൂർ: പരവൂർ മാർക്കറ്ര് റോഡിൽ അനധികൃത വാഹന പാർക്കിംഗും നടപ്പാത കൈയേറിയുള്ള കച്ചവടവും മൂലം ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്.
പരവൂർ മാർക്കറ്റിലെ വ്യാപാരികളും ഉപഭോക്താക്കളുമുൾപ്പെടെയാണ് റോഡിന്റെ ഇരുവശങ്ങളിലുമായി കാൽനടയാത്ര പോലും അസാധ്യമാകുന്ന വിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നോ പാർക്കിംഗ് ബോർഡുകൾക്ക് സമീപത്ത് പോലും ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. മുമ്പ് മാർക്കറ്റിനുള്ളിൽ മാത്രമുണ്ടായിരുന്ന കച്ചവടം ഇപ്പോൾ മാർക്കറ്റിന് പുറത്ത് താത്കാലിക ഷെഡുകൾ നിർമ്മിച്ച് നടക്കുന്നുണ്ട്. മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധമാണ് റോഡരികിലെ അനധികൃത കച്ചവടങ്ങൾ പൊടിപൊടിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ മൂലം മാർക്കറ്റ് റോഡിലെ കാൽനടയാത്ര പോലും ഇപ്പോൾ ദുസഹമായിരിക്കുകയാണ്. മാർക്കറ്റിലെത്തുന്നവരും യാത്രക്കാരും റോഡിലേക്കിറങ്ങിയാണ് നടക്കുന്നത്. രണ്ട് വാഹനങ്ങൾ എതിരെ വന്നാൽ മാർക്കറ്റിന് മുൻവശത്തെ റോഡ് കുരുങ്ങി മുറുകും. ഗതാഗതം നിയന്ത്രിക്കാൻ പൊലീസോ ഹോം ഗാർഡോ ഇല്ലാത്തതും പൊതുജനങ്ങളെ വലയ്ക്കുന്നുണ്ട്.
അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നും പാതയോരം കൈയേറി നടത്തുന്ന കച്ചവടങ്ങൾ മാർക്കറ്റിനുള്ളിലേക്ക് മാറ്റണമെന്നുമുള്ള നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യങ്ങൾക്ക് അധികൃതർ വിലകല്പിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.