c
അവിശ്വാസ പ്രമേയ ഭീഷണിയിൽ വീണ്ടും കുന്നത്തൂർ പഞ്ചായത്ത്

കുന്നത്തൂർ: ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വീണ്ടും അവിശ്വാസത്തിന് നോട്ടീസ്. മൂന്ന് കോൺഗ്രസ്, രണ്ട് സ്വതന്ത്രർ, നാല് സി.പി.എം, ഒരു സി.പി.ഐ എന്നിങ്ങനെ 10 അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ ചെയർപേഴ്സൺ എന്നിവർക്കെതിരെയാണ് അവിശ്വാസം കൊണ്ടുവരുന്നത്. അയോഗ്യരാക്കപ്പെട്ട രണ്ട് അംഗങ്ങൾ ഉൾപ്പെടെ എൽ.ഡി.എഫ് 7, കോൺഗ്രസ് 7, ബി.ജെ.പി ഒന്ന്, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കുന്നത്തൂരിലെ കക്ഷിനില. 2016 ആഗസ്റ്റിൽ അട്ടിമറി നീക്കത്തിലൂടെ അധികാരത്തിലെത്തിയ കോൺഗ്രസ് നിരവധി തവണ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പൊരുതി തോല്പിച്ചെങ്കിലും ഭരണപക്ഷത്ത് നിന്നുതന്നെ എതിർ സ്വരം ഉയരുന്നത് ഇതാദ്യമാണ്. രണ്ട് സി.പി.ഐ അംഗങ്ങളുടെയും ഒരു ബി.ജെ.പി അംഗത്തിന്റെയും പിന്തുണയോടെ കോൺഗ്രസ് അധികാരം പിടിച്ചെടുത്തെങ്കിലും വിപ്പ് ലംഘിച്ചതിന് 2018ൽ രണ്ട് സി.പി.ഐ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടു. തുടർന്ന് വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സി.പി.ഐ അംഗം അയോഗ്യയാക്കപ്പെട്ടതോടെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരുകയും സി.പി.എമ്മിലെ ബീനാ സജീവ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പോടെ എൽ.ഡി.എഫ് ബന്ധം ഒഴിവാക്കി ഐവർകാല ദിലീപ്, രഞ്ജിനി എന്നീ സ്വതന്ത്ര അംഗങ്ങൾ കൂടി കോൺഗ്രസിലേക്ക് എത്തിയതോടെ ഭരണകക്ഷിയുടെ അംഗബലം വർദ്ധിച്ചു. തുടർന്ന് ബീനാ സജീവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻപ് രണ്ട് തവണ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായിരുന്ന ശ്രീദേവിഅമ്മയെ തഴഞ്ഞ് വിജയസാദ്ധ്യത ഉറപ്പായ സാഹചര്യത്തിൽ ഷീജാ രാധാകൃഷ്ണനെ പരിഗണിച്ചത് പാർട്ടിക്കുള്ളിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. മാതമല്ല വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ ശ്രീദേവിഅമ്മ വിട്ടു നിൽക്കുകയും ചെയ്തിരുന്നു. വിപ്പ് ലംഘിച്ചതിന് ഇവർക്കെതിരെ പാർട്ടി കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതിനിടെ പിന്തുണയ്ക്ക് പകരമായി അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനമായിരുന്നു ദിലീപിന് കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പ്. എന്നാലിത് ലംഘിക്കപ്പെട്ടതോടെ കൊടിക്കുന്നിൽ സുരേഷ് എം.പി അടക്കമുള്ള പ്രമുഖ നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രാദേശിക നേതൃത്വം ഉറപ്പ് ലംഘിച്ചതാണ് ഇതിനുള്ള കാരണം. ഈ സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നത്.