കൊല്ലം: ഒന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടാനച്ഛൻ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ മുന്നിലാലിനെയാണ് (23) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പുഴ വഞ്ചിമുക്കിലെ പ്ളാന്റ് നഴ്സറി തൊഴിലാളിയാണ് മുന്നിലാൽ. നേപ്പാൾ സ്വദേശിനിയോടൊപ്പം രണ്ട് മാസം മുമ്പാണ് ഇവിടെ താമസമായത്. യുവതിയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. നഴ്സറിയുടെ ആളൊഴിഞ്ഞ ഭാഗത്താണ് കുട്ടിയെ അവശനിലയിൽ മാതാവ് കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റിരുന്നു. മുന്നിലാലിനൊപ്പമാണ് മാതാവ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തേക്ക് മാറ്റി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയത്. ആശുപത്രി അധികൃതർ അറിയിച്ച പ്രകാരമാണ് മുന്നിലാലിനെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്താൻ ശ്രമം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. അതിക്രമത്തിൽ അമ്മയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.