ദിവസവും നിർമ്മിക്കുന്നത് നൂറിലേറെ മാസ്‌കുകൾ
കൊല്ലം: തടവുകാരെയും പൊതുജനങ്ങളെയും കൊറോണയിൽ നിന്ന് പ്രതിരോധിക്കാൻ ജില്ലാ ജയിലും പ്രവർത്തനനിരതമാണ്. ജയിൽ ഡി.ജി.പിയുടെ നിർദേശ പ്രകാരം മാസ്ക് നിർമ്മാണവും ജില്ലാ ജയിലിൽ ആരംഭിച്ചു. ദിവസവും നൂറിലേറെ മാസ്‌കുകൾ തിരുവനന്തപുരം സെൻട്രൽ ജയിലിന് കൈമാറുകയാണിപ്പോൾ. തടവുകാരെ കാണാനെത്തുന്ന സന്ദർശകരെ മാസ്‌ക് ധരിപ്പിച്ച് മാത്രമേ ജയിലിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളൂ.
പ്രവേശന കവാടത്തിന് സമീപത്ത് തന്നെ കൈ കഴുകാൻ വലിയ പാത്രത്തിൽ വെള്ളമുണ്ട്. കൈ കഴുകി എത്തുന്നവർക്ക് സന്ദർശക മുറിയിൽ പ്രവേശിക്കും മുമ്പ് തന്നെ ഹാൻഡ് സാനിറ്റൈസർ നൽകും. ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാർ കൊറോണയെ സംബന്ധിച്ച് വിശദമായ ബോധവത്കരണം തടവുകാർക്ക് നൽകിയിട്ടുണ്ട്. എല്ലാ ജയിൽ മുറികളിലും തടവുകാർക്ക് ഇടയ്ക്കിടെ കൈ കഴുകാൻ സോപ്പ് ലഭ്യമാക്കി. മറ്റ് ബ്ലോക്കുകളിലേക്ക് പോകരുതെന്ന് കർശന നിർദേശം നൽകി. പുതുതായി എത്തുന്ന തടവുകാരെ പ്രത്യേകം പാർപ്പിച്ച് ഒരാഴ്ചയോളം നിരീക്ഷിക്കുന്നുണ്ട്. ഇവർക്ക് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ മറ്റ് തടവുകാർക്കൊപ്പം പാർപ്പിക്കുകയുള്ളൂ. കൊറോണയും പക്ഷിപ്പനിയും ജയിലിൽ നിർമ്മിക്കുന്ന ഭക്ഷ്യ വസ്‌തുക്കളുടെ വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്. ചിക്കൻ കറി, മുട്ടക്കറി, ചിക്കൻ ബിരിയാണി എന്നിവയുടെ ഉൽപ്പാദനം കുറച്ചു.
ജയിലിൽ 62 തടവുകാർ അധികം
173 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ജില്ലാ ജയിലിലുള്ളത്. പക്ഷേ ഇപ്പോൾ 235 തടവുകാരുണ്ട്. ചില സമയങ്ങളിൽ 285 തടവുകാരെ വരെ പാർപ്പിച്ചിട്ടുണ്ട്. പരിമിതികൾക്കിടയിലും കൃത്യമായ പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തുകയാണ് ജില്ലാ ജയിൽ.
''
കൊറോണ പ്രതിരോധ മുന്നൊരുക്കങ്ങൾ ജില്ലാ ജയിലിൽ നടത്തിയിട്ടുണ്ട്. മാസ്കുകളുടെ നിർമ്മാണവും നടക്കുന്നു.
ജി.ചന്ദ്രബാബു
ജില്ലാ ജയിൽ സൂപ്രണ്ട്