corona

അഞ്ചൽ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് കിഴക്കൻമേഖലയിൽ ജനജീവിതം ദുസഹമാകുന്നു. കർഷകരും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരും കശുഅണ്ടി തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമൊക്കെയാണ് പ്രദേശത്ത് കൂടുതലുള്ളത്. കശുഅണ്ടി ഫാക്ടറികൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ മിക്കതും അടഞ്ഞു കിടക്കുകയാണ്. കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാനും കഴിയുന്നില്ല. തെക്കൻ കേരളത്തിലെ തന്നെ പ്രമുഖ കാർഷിക വിപണന കേന്ദ്രമായ അഞ്ചൽ ചന്തയിലും ആളുകൾ അപൂർവമായി മാത്രമാണ്എത്തുന്നത്. ഇതും ഉത്പന്നങ്ങൾക്ക് വില ലഭിക്കാത്തതുമാണ് കർഷകരെ വലയ്ക്കുന്നത്.

ടാപ്പിംഗ് ഉൾപ്പെടെയുള്ള ജോലികളും പലസ്ഥലങ്ങളിലും നിറുത്തിവച്ചിരിക്കുകയാണ്. നിർമ്മാണ മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുന്നു. അഞ്ചൽ ടൗൺ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ദിനം പ്രതി വന്നുപോകുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. ട്രാൻസ്പോർട്ട് സർവീസുകൾ പകുതിയോളം നിറുത്തിവച്ചിരിക്കുന്നു. സർവീസ് നടത്തുന്ന ബസുകളിലാകട്ടെ യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. കൂലിപ്പണിക്കാരായ ജനങ്ങൾ തൊഴിൽ ലഭിക്കാത്തതിനാൽ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുകയാണ്. വ്യാപരസ്ഥാപനങ്ങൾ മിക്കതും തുറന്ന് പ്രവർത്തിക്കുന്നുവെങ്കിലും കാര്യമായ കച്ചവടം നടക്കുന്നില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. മുൻകൂട്ടിനിശ്ചയിച്ച ഉത്സവങ്ങളും കല്യാണങ്ങളും ഒക്കെ ചെറുചടങ്ങുകളായാണ് നടക്കുന്നത്.