കൊല്ലം: പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളും സമാന്തര വിദ്യാഭ്യാസ മേഖലയും കൊറോണ ബാധയിൽ നിശ്ചലമായി. 31 വരെ കടുത്ത ജാഗ്രത തുടരുന്നതിനാൽ ക്ലാസുകൾ നടത്തേണ്ടെന്നാണ് സർക്കാർ നിർദേശം. ഓൺലൈൻ പരിശീലനങ്ങളുടെ സാദ്ധ്യത തേടുന്നുണ്ടെങ്കിലും എല്ലായിടങ്ങളിലും ഫലപ്രദമാകുന്നില്ല. ചില കേന്ദ്രങ്ങളിൽ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് നടത്തുന്നുണ്ട്. പതിവ് ക്ലാസ് സമയങ്ങളിൽ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അദ്ധ്യാപകൻ ക്ലാസെടുക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ പുതിയ സാദ്ധ്യതകളെ തേടുകയാണ് പരിശീലന കേന്ദ്രങ്ങളും ഉദ്യോഗാർത്ഥികളും. ഒരാഴ്‌ചയിലേറെയായി കേന്ദ്രങ്ങളൊന്നും പ്രവർത്തിക്കാത്തത് അദ്ധ്യാപകരുടെ വരുമാനത്തെയും ബാധിച്ചു. എൻജിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചത് പരീക്ഷയെഴുതാൻ തയ്യാറെടുത്ത വിദ്യാർത്ഥികളെ ചെറുതായല്ല ബാധിച്ചത്. അവസാന ഘട്ട മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ട സമയത്തുണ്ടായ പ്രതിസന്ധി വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഓൺലൈൻ ക്ലാസുകളിലൂടെ പരിഹാരം തേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന അതേ ഊർജം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. നഗരത്തിലെ പാർക്കുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ഉദ്യോഗാർത്ഥികൾ സംഘടിച്ച് പഠനം നടത്തിയിരുന്നു. എന്നാൽ ഇത്തരം ഒത്തു ചേരലുകളും 31ന് വരെ വേണ്ടെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അറിയിച്ചത്. നിർദേശം ലംഘിച്ച് ഇത്തരം പഠനങ്ങൾ നടത്താൻ ലൈബ്രറികളും ഇപ്പോൾ അവസരം നൽകുന്നില്ല.
കൊറോണയുടെ ദുരിതാലം പിന്നിട്ട് സമൂഹം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിനായി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികളും അദ്ധ്യാപരും വിദ്യാർത്ഥികളും.