mist
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പുനലൂരിൽ ചേർന്ന സംയുക്ത യോഗത്തിൽ മന്ത്രി കെ. രാജു സംസാരിക്കുന്നു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് പുനലൂർ താലൂക്കിൽ 2553 പേർ വീടുകളിൽ നിരീക്ഷണത്തിലാമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ജനപ്രതിനിധികളുടെ യോഗത്തിന് ശേഷം പുനലൂരിൽ നടത്തിയ വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പുനലൂർ താലൂക്കിലെ ആരോഗ്യ, റവന്യൂ, പൊലീസ്, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് വന്നവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയുമാണ് നിരീക്ഷിച്ച് വരുന്നത്. ഇവരിൽ കർശന നിരീക്ഷണത്തിലുള്ളവരും ഉണ്ട്. ഇത് കണക്കിലെടുത്ത് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാനും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും വാർഡ്, പഞ്ചായത്ത്, മുനിസിപ്പൽ, താലൂക്ക്, റവന്യൂ ഡിവിഷൻ തലത്തിൽ വിവിധ മോണിറ്റിംഗ് കമ്മിറ്റികൾക്ക് രണ്ട് ദിവസത്തിനകം രൂപം നൽകും. ത്രിതല പഞ്ചായത്തുകളിലെ ആശ വർക്കർമാരും ആരോഗ്യ പ്രവർത്തകരും വീടുകൾ കയറി ലഘുലേഖ വിതരണം നടത്തും. എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെന്റുകൾ നടത്തും. ആചാരങ്ങൾ മാത്രം നില നിറുത്തി ഉത്സവങ്ങൾ, പള്ളി പെരുന്നാളുകൾ എന്നിവ നടത്തണം. മുൻ കൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ ഓ‌ഡിറ്റോറിയങ്ങൾ ഒഴിവാക്കി വിടുകളിൽ നടത്താൻ രക്ഷിതാക്കൾ ശ്രമിക്കണം. ബ്രേക്ക് ദി ചെയിൻ കാമ്പയിൽ വളരെ വിജയകരമായി നടപ്പിലാക്കണം. വൈറസ് ബാധയെ തുടർന്ന് പുനലൂർ താലൂക്കിൽ ആശങ്കയില്ലെന്നും നല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പുനലൂർ ആർ.ഡി.ബി ശശികുമാർ, നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, തഹസിൽദാർ ജി. നിർമ്മൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബി. സരോജാദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. ലൈലജ, ആർ. പ്രദീപ്, വി. രാജൻ, മിനി സുരേഷ്, ഹംസ, രവീന്ദ്രനാഥ്, ലൈലാബീവി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്ത യോഗത്തിൽ പങ്കെടുത്തു.

രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ

വകുപ്പ് അധികൃതരുമായി ബന്ധപ്പെടണം

ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ തോന്നിയാൻ ഉടൻ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി പുനലൂർ കെ.എസ്.ആർ.ടി.സി, ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളിൽ സാനിറ്റേഷൻ ബൂത്തുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ താലൂക്കിലെ എല്ലാ സർക്കർ ഓഫീസുകളിലും സാനിറ്റേഷൻ സൗകര്യം ഒരുക്കും. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ പാർപ്പിച്ച് നിരീക്ഷിക്കാൻ പുനലൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് 9 മുറിയുള്ള ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി തുടങ്ങിയ താലൂക്കുകളിൽ നിന്ന് നിരീക്ഷണങ്ങൾക്കായി എത്തുന്നവർക്ക് വേണ്ടിയാണ് ഇത്. ഇത് കൂടാതെ ഒരു സെല്ലും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണം. ഇത് ബോധപൂർവം മറച്ച് വയ്ക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും.