കൊല്ലം: കർണാടകയിലെ കൽബുർഗിയിൽ നിന്നെത്തിയ അഞ്ചംഗ സംഘത്തെ കൊറോണ നിരീക്ഷണത്തിലാക്കി. ഇന്നലെ പുലർച്ചെ 5.30ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയവരെയാണ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം ഗൃഹനിരീക്ഷണത്തിനയച്ചത്. കൽബുർഗിയിൽ നിന്ന് സ്കാനിയ ബസിലെത്തിയ കടയ്ക്കൽ, ഭാരതീപുരം, കുണ്ടറ അമ്പിപൊയ്ക, തൃക്കടവൂർ, ചാത്തന്നൂർ സ്വദേശികളെയാണ് നിരീക്ഷിക്കുന്നത്. ബസിറങ്ങിയ ഇവരെ ആരോഗ്യ പ്രവർത്തകരെത്തി അതീവ സുരക്ഷയോടെയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ബന്ധുക്കളെ വരുത്തി കാറുകളിൽ അവരവരുടെ വീടുകളിലേക്ക് അയച്ചു.