പാരിപ്പള്ളി മെഡി. കോളേജിൽ നിരീക്ഷണത്തിലായിരുന്ന ആട്ടോ ഡ്രൈവർ പറയുന്നു:
കൊല്ലം: പതിവു പോലെ ഓട്ടം കാത്തിരിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്ന് ഒരാൾ കൈകാട്ടി വിളിച്ചു. അടുത്തേക്ക് എത്തുന്നതിനിടയിൽ അയാൾ ഒരു സായിപ്പിനെ ആട്ടോയിൽ കയറ്റിവിടുന്നതുകണ്ടു. അടുത്തു ചെന്നപ്പോൾ ഇംഗ്ലീഷിൽ വർക്കല മൈതാനത്തേക്ക് പോകണമെന്നു പറഞ്ഞു... - കൊറോണ സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ ഗൈഡായിരുന്ന കാശ്മീർ സ്വദേശിയെ വർക്കലയിലേക്കു കൊണ്ടുപോയ പാരിപ്പള്ളി സ്വദേശിയായ ആട്ടോ ഡ്രൈവർ 'പണി' കിട്ടിയത് ഓർത്തെടുക്കുന്നു.
മാർച്ച് പത്തിനായിരുന്നു അത്. നല്ല കോളൊത്ത സന്തോഷമായിരുന്നു. ഇടയ്ക്കുള്ള സംഭാഷണമെല്ലാം ഹിന്ദിയിൽ. മൈലാടുംപാറയിൽ എത്തിയപ്പോൾ യാത്രക്കാരൻ മെഡിക്കൽ സ്റ്റോറിൽ കയറി ബി.പിക്കുള്ള മരുന്ന് വാങ്ങി ആട്ടോയിലിരുന്ന് കഴിച്ചു. വർക്കല റെയിൽവേ ഗേറ്റ് എത്തിയപ്പോൾ ഇവിടെ ഇറക്കിയാൽ മതിയെന്നു പറഞ്ഞു. ഓട്ടോ ചാർജ് ആയി നീട്ടിയത് രണ്ടായിരത്തിന്റെ നോട്ട്. ബാക്കി നൽകാൻ ചില്ലറയില്ലെന്നു പറഞ്ഞപ്പോൾ തൊട്ടടുത്ത എ.ടി.എമ്മിൽ കയറി പണമെടുത്ത ശേഷം, നൂറിന്റെ മൂന്ന് നോട്ട് നൽകി. വിശന്നതുകൊണ്ട് നേരെ വീട്ടിലേക്കു പോയി ഭക്ഷണം കഴിച്ച് കിടന്നു. 13നു വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്നു വിളിച്ച്, അടിയന്തരമായി എത്തണമെന്നു പറഞ്ഞു. കാര്യമറിഞ്ഞപ്പോൾ നെഞ്ചൊന്ന് കാളി.
ഭാര്യ സ്വകാര്യ സ്കൂൾ പഠിപ്പിക്കാൻ പോകുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. മൂത്ത മകൾ പത്തിലും ഇളയ മകൻ നാലാം ക്ലാസിലും. ഗൾഫിലെ ജോലി പോയതോടെ ഒരുവർഷം മുമ്പാണ് ആട്ടോ ഡ്രൈവറായത്. കുടുംബം പുലർത്താനുള്ള ബദ്ധപ്പാടിൽ ആര് വിളിച്ചാലും ഓട്ടം പോകും. ഇങ്ങനെയൊരു അപകടം സ്വപ്നത്തിൽപ്പോലും കരുതിയില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ ഭാര്യയെ നഴ്സുമാർ ഏറെ പണിപ്പെട്ടാണ് വീട്ടിലേക്ക് മടക്കിയയച്ചത്.
കൊറോണ വാർഡിലെ ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെയാണ് തള്ളിനീക്കിയതെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. അസുഖ ലക്ഷങ്ങളൊന്നും വരാഞ്ഞതിനാൽ മനസിന് അല്പം ധൈര്യം വന്നു. പക്ഷേ മക്കളെ ഓർക്കുമ്പോൾ കണ്ണു നിറയും. ഫോൺ വിളിക്കുമ്പോൾ ഭാര്യ നിറുത്താതെ കരച്ചിലാണ്. ഇന്നലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അറിഞ്ഞപ്പോൾ പുനർജന്മം കിട്ടിയ സന്തോഷം. വീട്ടിൽച്ചെന്ന് പൊന്നുമക്കളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം- . ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടെ സംസാരിക്കുമ്പോൾ ആട്ടോ ഡ്രൈവറുടെ ശബ്ദമിടറുന്നുണ്ടായിരുന്നു.