കൊല്ലം: ഓട്ടോ മൊബൈൽ ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മണിച്ചിത്തോടിന് സമീപം പ്രവർത്തിക്കുന്ന ഗോഡ്വിൻ ഓട്ടോ മൊബൈൽ ഷോപ്പിലാണ് ഇന്നലെ രാത്രി 11.30 ഓടെ തീപിടിത്തം ഉണ്ടായത്. സമീപത്ത് കട നടത്തുന്ന വ്യാപാരിയാണ് കടയിൽ നിന്നന് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപവാസികളെയും അഗ്നിരക്ഷാ സംഘത്തിനെയും വിവരം അറിയിക്കുകയായിരുന്നു.
നിമിഷ നേരങ്ങൾക്കുള്ളിൽ കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേന സംഘമെത്തി ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് തീ കെടുത്തിയത്. കടയുടെ മുൻ ഭാഗത്തായി സ്ഥാപിച്ചിരുന്ന കൗണ്ടറും അതിലുണ്ടായിരുന്ന സാധനങ്ങളും പൂർണമായും കത്തി നശിച്ചു. വാഹനങ്ങൾക്കുള്ള ഓയിലിൽ തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കടപ്പാക്കടയിൽ നിന്ന് അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർമാൻ ഹരീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരികുമാർ എന്നിവരടങ്ങിയ സംഘം അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.