കൊല്ലം: ബെല്ലാരി രാജ!, മമ്മൂട്ടി ചിത്രമായ 'രാജമാണിക്യം' തിയേറ്ററിൽ ഓടിയപ്പോഴാണ് ഈ പേര് സുനിലിന് വീണത്. കൂട്ടുകാർക്കിടയിലെ രാജയാണ് സുനിൽ എന്നും. എന്തിനും പോന്ന തന്റേടം, ഇഷ്ടംപോലെ പണം, അധോലോക ബന്ധങ്ങൾ... പൊലീസുകാരും സുനിലിന് പേരിട്ടത് 'ബെല്ലാരി സുനിലെ'ന്നാണ്.
കൊല്ലം റൂറൽ പൊലീസിലെ സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതറിഞ്ഞ് സുനിലടക്കം മൂന്നുപേർ അറസ്റ്റിലായപ്പോഴാണ് അന്വേഷണ സംഘം ശരിയ്ക്കും അതിശയിച്ചത്. ഇവൻ ബെല്ലാരി രാജതന്നെ! തമിഴ്നാട്ടിൽ പതിനഞ്ച് ഏക്കറിൽ ഫാം. പശു, ആട്, പോത്ത്, എരുമ തുടങ്ങി ഇല്ലാത്തതൊന്നുമില്ല ഫാമിൽ. ഒരുപാട് ജോലിക്കാരുമുണ്ട്. ഗുണ്ടാ സംഘങ്ങൾ എന്ന് പറയുന്നതാകും അതിലും നല്ല വിശേഷണം.
കൊല്ലം കേരളപുരം മാമൂട്ടിലെ സ്വന്തം വീട്ടിലേക്ക് സുനിൽ വരുന്നത് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം. വരുമ്പോൾ കഞ്ചാവ് കൊണ്ടുവരും. ഗ്രാം കണക്കിനല്ല, കിലോക്കണക്കിന്. കഞ്ചാവിന്റെ ലഹരിയിൽ എപ്പോഴും സഞ്ചരിക്കാനാണ് സുനിലിന് ഇഷ്ടം. സുനിലെത്തിയാൽ കൂട്ടുകാരൊക്കെ നിമിഷ നേരംകൊണ്ട് പാഞ്ഞെത്തും. പിന്നെ കഞ്ചാവിന്റെ മാസ്മരിക ലോകത്ത് അവരെല്ലാമെത്തും. പാട്ടും ഡാൻസും കൂക്കിവിളിയുമൊക്കെയായി ആഘോഷം.
മുറിയാത്ത കണ്ണികൾ
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ കഞ്ചാവ് മാഫിയയുമായി സുനിലിന് വലിയ ബന്ധമാണുള്ളത്. സാധാരണ, ഏജന്റുമാരെ കഞ്ചാവിന്റെ ഉറവിട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാറില്ല. എന്നാൽ, സുനിലിന് എപ്പോൾ വേണമെങ്കിലും അവിടെ ചെല്ലാം. കൈവശം പണമില്ലെങ്കിൽ കടം നൽകും. ഉത്പാദക സ്ഥലത്തു നിന്ന് വൻതോതിൽ വാങ്ങിയ കഞ്ചാവ് സൂക്ഷിക്കാൻ സുനിലിന് പ്രത്യേക സ്ഥലങ്ങളുണ്ട്. അവിടെ നിന്നും വല്ലപ്പോഴുമാണ് കൊല്ലത്തേക്ക് കഞ്ചാവ് കൊണ്ടുവരിക.
ഫ്രൂട്ട്സ് കൊണ്ടുവരുന്ന വാഹനങ്ങൾ, അന്തർ സംസ്ഥാന ബസുകൾ, ട്രെയിൻ, കാർ മാർഗങ്ങളാണ് കടത്തിന് ഉപയോഗിക്കുക. മൂന്ന് പ്രധാന ഏജന്റുമാരാണ് കൊല്ലത്ത് സുനിലിനുള്ളത്. കുണ്ടറ, കല്ലട, പാരിപ്പള്ളി, എഴുകോൺ ഭാഗങ്ങളിലേക്ക് ഒരാളും തെന്മല, അഞ്ചൽ, നിലമേൽ, കടയ്ക്കൽ മേഖലകളിലേക്ക് മറ്റൊരാളും ശാസ്താംകോട്ട, പത്തനാപുരം, കൊട്ടാരക്കര മേഖലയിലേക്ക് മറ്റൊരാളും എന്ന നിലയിലാണ് പ്രധാന ഏജന്റുമാർ. ഇവരുടെ സഹായികളായി ഒരുപാടുപേർ വേറെയുമുണ്ട്. പ്രധാന ഏജന്റിന്റെ പക്കലാണ് സുനിലിന്റെ ആളുകൾ കഞ്ചാവ് എത്തിച്ചു നൽകുക. അവിടെ നിന്നും ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം ഇടനിലക്കാരായുണ്ട്.
വഴുതിമാറി കച്ചവടം
2018 ഏപ്രിൽ 12ന് തെന്മല വഴി കാറിൽ കഞ്ചാവുമായി സുനിലും സംഘവുമെത്തിയപ്പോൾ പൊലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തു. പൊലീസ് ജോലി ഉപേക്ഷിച്ച് കഞ്ചാവ് വിൽപ്പന സംഘത്തിൽ ചേർന്ന പുഷ്പരാജൻ, കുണ്ടറ ആറുമുറിക്കട സ്വദേശി മുഹമ്മദ് ഷെറിൻ, ശിങ്കാരപ്പിള്ളി സ്വദേശി രാജേഷ് എന്നിവരെയാണ് അന്ന് നാലര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്നിറങ്ങി വീണ്ടും സംഘം കഞ്ചാവ് ബിസിനസിൽ സജീവമായി. പലതവണ എക്സൈസ് ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. തലനാരിഴയ്ക്ക് സുനിൽ വഴുതിപ്പോയ സംഭവങ്ങളുമുണ്ട്.
നിരവധി കേസുകളിൽ പ്രതിചേർക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടും സുനിൽ തമിഴ്നാട്ടിൽ ആഡംബര ജീവിതത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനവാരം സുനിലിന്റെ സംഘത്തിലെ നാലുപേരെ രണ്ട് കിലോ കഞ്ചാവുമായി കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറുമുറിക്കട തൃപ്പലഴികം മരുന്ന് മൂലയിൽ സബീർ (21), കുണ്ടറ പള്ളിമുക്ക് കശുഅണ്ടി ഫാക്ടറിയ്ക്ക് സമീപം അരുൺഭവനത്തിൽ അഖിൽ (23), മുളവന കാഞ്ഞിരംകോട് തെറ്റിക്കുന്ന് പുന്നവിള വീട്ടിൽ രാഹുൽ (22), ഇളമ്പള്ളൂർ പെരുമ്പുഴ ചെമ്പകശേരി വീട്ടിൽ സരുൺ (26) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ് നാട്ടിൽ നിന്ന് സുനിൽ കൊടുത്തുവിട്ട കഞ്ചാവുമായി എത്തിയതായിരുന്നു സംഘം.
പൊലീസുകാരനോട് പക
സുനിലിന്റെ ടീമിനെപ്പറ്റി കൃത്യമായ വിവരം നാട്ടുകാരനായ പൊലീസുകാരനുണ്ടായിരുന്നു. പൊലീസുകാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ഒട്ടുമിക്ക കഞ്ചാവ് കടത്തുകളും പിടികൂടാൻ കഴിഞ്ഞത്. അതോടെ സുനിലിന്റെ സംഘത്തിന് പൊലീസുകാരനോട് പകയായി. കൊലപ്പെടുത്താൻ തീരുമാനിച്ചത് അതിന്റെ പേരിലാണ്. ടിപ്പർ ലോറിയുമായെത്തി ഇടിച്ചു കൊല്ലാനായിരുന്നു തീരുമാനം. ഫെബ്രുവരിയിൽ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതികളിൽ ഒരാൾ കൊലപാതകത്തിന് സന്നദ്ധനായി. ജയിലിൽ കഴിയുന്ന ഇയാളോട് സംസാരിക്കാൻ ആളിനെ വിട്ടിരുന്നു. കൊല ചെയ്ത് ഒളിവിൽ പോയാലും പിടിക്കപ്പെട്ടാലും കുടുംബത്തിന്റെ സംരക്ഷണം ഏറ്റുകാെള്ളാമെന്ന് സുനിലും സംഘവും ഉറപ്പ് നൽകി. പൊലീസുകാരനെ കൊല്ലാനുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പൊലീസ് ഇതറിഞ്ഞതും സുനിലടക്കം മൂന്നുപേരെ പൊക്കിയതും.
ഫോണിൽ സംസാരിച്ചു, കുടുങ്ങി
തങ്ങളുടെ ശത്രുവായ പൊലീസുകാരനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് സംഘത്തിലെ മറ്റുള്ളവരോട് മൊബൈൽ ഫോണിലൂടെ പങ്കുവച്ചതാണ് സംഘത്തെ കുടുക്കിയത്. നാൽവർ സംഘം കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട നാൾ മുതൽ ഇവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെയാണ് കാെലപാതക ഗൂഢാലോചന നടക്കുന്നത്. ഫോണിലൂടെ ഈ വിവരങ്ങൾ പങ്കുവച്ചത് പൊലീസിന്റെ കാതിലെത്തി. റൂറൽ എസ്.പി ഹരിശങ്കർ ശബ്ദരേഖകൾ പരിശോധിച്ച ശേഷം ജാഗ്രതയോടെ ഇടപെട്ടാണ് പ്രതികളെ കുടുക്കിയത്. നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ എസ്.വൈശാഖ് (31), തൃപ്പിലഴികം നെടുമ്പുറത്ത് തെക്കതിൽ ചോട്ടുവെന്ന മുഹമ്മദ് ഷെറിൻ (23) എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെല്ലാരി സുനിലിന് വേണ്ടി വലവിരിച്ചു. നാടകീയമായി സുനിലിനെ അറസ്റ്റ് ചെയ്തു. ഇനിയും രണ്ടുപേർകൂടി പിടിയിലാകാനുണ്ട്. അതിലൊരാൾ തമിഴ്നാട്ടുകാരനാണ്.