കൊല്ലം: ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും കടകളിൽ വില കുറഞ്ഞില്ല. 20 രൂപയ്‌ക്കാണ് കൊല്ലം നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും കുപ്പിവെള്ളം വിറ്റത്. അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചിരുന്നെങ്കിലും ഇടപെടലുകൾ വൈകുകയാണ്. കൊറോണ പശ്ചാത്തലത്തിൽ ഇത്തരം വിഷയങ്ങളിൽ കൃത്യമായ ജാഗ്രത പുലർത്താൻ സർക്കാർ വകുപ്പുകൾക്ക് കഴിയുന്നതുമില്ല. ചില കച്ചവടക്കാർ കുപ്പിവെള്ളത്തിന്റെ വിൽപ്പന വില 15 രൂപയായി കുറച്ചെങ്കിലും സർക്കാർ ഉത്തരവ് പാലിച്ച് 13 രൂപയ്‌ക്ക് വിൽക്കാൻ തയ്യാറായിട്ടില്ല. വൻകിട ബ്രാൻഡുകളിൽ നിന്ന് വലിയ ലാഭം ലഭിച്ചിരുന്നില്ലെങ്കിലും സംസ്ഥാനത്തെ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന കുപ്പിവെള്ളത്തിൽ നിന്ന് ചെറുതല്ലാത്ത ലാഭമാണ് വിൽപ്പനക്കാർക്ക് ലഭിച്ചിരുന്നത്. ഇത് പൊടുന്നനെ അവസാനിപ്പിക്കാൻ പലരും തയ്യാറാകുന്നില്ല.