ഇളനീർ ഒട്ടേറെ പോഷക, ഔഷധഗുണങ്ങളടങ്ങിയ അമൂല്യപാനീയമാണ്. ഇരുപതിലധികം അമിനോ ആസിഡുകളടങ്ങിയ ഒരേയൊരു പ്രകൃതിദത്ത ആഹാര പദാർത്ഥമാണ് കരിക്ക്. കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, സൾഫർ എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തക്കുറവുള്ളവർക്ക് കരിക്കിൻ വെള്ളം ഏറെ ഗുണകരമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഛർദ്ദി, അതിസാരം, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ മൂലം അവശരായവർക്ക് എളുപ്പത്തിൽ ഊർജം വീണ്ടെടുക്കാൻ ഇളനീർ ഫലപ്രദമാണ്. ഗ്ളൂക്കോസ് വെള്ളത്തിന് പകരമായി കുടിക്കാനും നേരിട്ട് രക്തത്തിൽ കലരാത്തവിധം ഡ്രിപ്പായി നൽകാനും ഇളനീർ ഉപയോഗിക്കാറുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പസഫിക് ദ്വീപുകളിലെ തടവുകാരിൽ ബെറിബറി, പെല്ലാഗ്ര, രക്തക്കുറവ് എന്നിവ പരിഹരിക്കാൻ ഇളനീർ കുത്തിവയ്പ് നടത്തിയതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളനീർ അതിവേഗം ദഹിക്കുന്നതിനാൽ ദഹനശേഷിക്കുറവുള്ളവർക്കും ഔഷധം പോലെ ഉപയോഗിക്കാം.ഇളനീർ പാലിൽ ചേർത്ത് നൽകുന്നത് കുട്ടികളിലെ മലബന്ധം, ദഹനക്കേട് എന്നിവ ശമിപ്പിക്കും. മുതിർന്നവർക്ക് അർശസ്സ്, ആമാശയ വ്രണം, വൻകുടൽ വീക്കം, ധാതുക്ഷയം, എന്നീ രോഗങ്ങൾക്ക് ശമനൗഷധമായി ഇളനീർ ഉപയോഗിക്കാം. കോളറബാധയുള്ളവർക്ക് ഇളനീരിൽ നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. വ്രണങ്ങളിൽ ഇളനീർ ലേപനം ചെയ്യുന്നത് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും. നല്ലൊരു സൗന്ദര്യ സംവർദ്ധക വസ്തു കൂടിയാണ് ഇളനീർ. മുഖത്തെ കുരുക്കൾ, ചുളിവുകൾ എന്നിവയിൽ ഇളനീരിനുള്ളിലെ നേരിയ വെള്ളപ്പാട പുരട്ടിയാൽ ചർമ്മശോഭയും വെളുപ്പ് നിറവും നൽകും. തേങ്ങാപാൽ തേൻ, വെളിച്ചെണ്ണ,ഗ്ളിസറിൻ എന്നിവ ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതെന്ന് അറിയാത്ത സ്ത്രീകളില്ല. കിടയറ്റ ദാഹശമനിയെന്ന നിലയിൽ ഖ്യാതമാണ് ഇളനീർ. വേനൽക്കാലത്ത് ഇളനീർ കുടിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. കരിക്കിൻ വെള്ളത്തിൽ നനച്ച വൃത്തിയുള്ള തുണി കണ്ണുകൾക്ക് മീതെ പതിപ്പിച്ചാൽ ഉഷ്ണകാലത്ത് കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളെ അകറ്റും. ചിക്കൻപോക്സ് പിടിപെട്ടവർക്ക് കണ്ണിന്റെ അസ്വസ്ഥത മാറാനും ഇങ്ങനെ ചെയ്യാറുണ്ട്.
ഡോ. ഷീജാകുമാരി,
കൊടുവഴന്നൂർ,
സീനിയർ ലക്ചറർ,
ഡയറ്റ്, ആറ്റിങ്ങൽ.