സാമ്പത്തിക മേഖല ഇടിഞ്ഞു തകർന്ന് സാധാരണ ജീവിതങ്ങൾ
കൊല്ലം: കൊറോണ ഭീതിയിൽ പൊതുഇടങ്ങളിൽ നിന്ന് ജനങ്ങൾ പിൻവാങ്ങുകയും സർക്കാർ ഇടപെടൽ കർശനമാവുകയും ചെയ്‌തതോടെ ജില്ലയുടെ സാമ്പത്തിക മേഖല നിശ്ചലമാകുന്നു. സമൂഹമാകെ സാമ്പത്തിക പ്രതിസന്ധിയുടെ നിഴലിലേക്ക് മാറുകയാണ്. വിപണിയിൽ വിൽക്കലും വാങ്ങലും കുറഞ്ഞു. ടൂറിസം, ഹോട്ടൽ, കാറ്ററിംഗ്, ടാക്‌സി തുടങ്ങി മദ്യ മേഖലയിൽ പോലും പ്രതിസന്ധി പ്രകടമാണ്.
മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള ആശങ്ക ജനങ്ങൾക്കിടയിൽ പടരുകയാണ്. വീട്ടാവശ്യങ്ങൾക്ക് വേണ്ട സാധനങ്ങൾ വൻ തോതിൽ വാങ്ങിക്കൂട്ടുന്നുണ്ട് ചിലർ. അത്യാവശ്യങ്ങൾക്കല്ലാതെ പണം ചെലവഴിക്കാൻ മടിക്കുന്നവരും കൂടുതൽ പണം കൈയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നവരും ഏറെയാണ്.
കാർഷിക മേഖളയിലും നിലവിലെ സാഹചര്യങ്ങൾ പ്രതീക്ഷ നൽകുന്നില്ല. രണ്ട് പ്രളയകാലങ്ങളെ അതിജീവിച്ച സമൂഹം ഇതിനെയും മറികടക്കുമെങ്കിലും നിലവിലെ അവസ്ഥ പ്രയാസപ്പെടുത്തുകയാണ്.
ഓരോ ഉത്സവകാലവും എണ്ണമറ്റ
കുടുംബങ്ങളുടെ ജീവിതം
രാത്രി മുഴുവൻ നീളുന്ന കലാപരിപാടികൾ, ഒരു നാട് മുഴുൻ വൈദ്യുതി ദീപാലങ്കാരം, ശബ്‌ദ ക്രമീകരണങ്ങൾ, കൂറ്റൻ കമാനങ്ങൾ, ബഹുവർണ പോസ്റ്ററുകൾ, നോട്ടീസുകൾ, കെട്ടുകാഴ്ചകൾ, കണ്ണഞ്ചിപ്പിക്കുന്ന ഫ്ലോട്ടുകൾ, അമ്മൻകുടവും പൂക്കാവടിയും, ഉത്സവത്തെ സുന്ദരമാക്കുന്ന വഴിയോര കച്ചവടങ്ങൾ, ബലൂണും കളിപ്പാട്ടവുമായി ആണ്ടിലൊരിക്കലെത്തുന്നവർ അങ്ങനെ എന്തെല്ലാം ഒത്തു ചേരുന്നതാണ് ഒരു ഉത്സവകാലം. ചടങ്ങുകൾ മാത്രമായി ഉത്സവം ചുരുങ്ങുമ്പോൾ ഒരാണ്ടിന്റെ ജീവിതം ഇതിലൂടെ തള്ളി നീക്കേണ്ട സാധാരണ ജീവിതങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതാകുന്നത്. ആരാധനാ കേന്ദ്രങ്ങളിലും പൊതുവെ തിരക്ക് കുറവാണ്.
തിരക്കൊഴിഞ്ഞ് കാറ്ററിംഗ്,
ഹോട്ടൽ മേഖലകൾ
സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ അടുത്ത ക്ലാസിലേക്ക് പോകുന്നതിന്റെയും ഓഫീസുകളിൽ ജീവനക്കാർ വിരമിക്കുന്നതിന്റെയും ചടങ്ങുകൾ നടക്കേണ്ട സമയമാണിത്. സ്കൂളുകളും കോളേജുകളും അടച്ചതിനാൽ അവിടെ ചടങ്ങുകളൊന്നുമില്ല. ഓഫീസുകളിൽ ആഘോഷങ്ങൾ ഒഴിവാക്കി. കല്യാണങ്ങൾ മിക്കതും മാറ്റിവയ്ക്കുകയോ ലളിതമാക്കുകയോ ചെയ്തു. 2,000 പേരുടെ ഭക്ഷണം മുൻകൂട്ടി പറഞ്ഞുറപ്പിച്ച കല്യാണങ്ങൾ നടത്തിയത് 50ൽ താഴെ ആളുകളുമായാണ്. ഹോട്ടലുകളിലെയും തട്ടുകടകളിലെയും കച്ചവടം കുറഞ്ഞു. കൊറോണ ഭയത്തിൽ വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയാണ് മിക്കവരും.
നിരത്തുകളിൽ കാലിയുന്നു
ജോലി, പരീക്ഷ, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിലും ട്രെയിനിലും തിരക്ക് കുറവാണ്. യാത്രക്കാർ തിങ്ങി നിറഞ്ഞിരുന്ന ട്രെയിനുകൾ പലതും ഇപ്പോൾ സീറ്റുകൾ കാലിയായാണ് സർവീസ് നടത്തുന്നത്. ടാക്‌സി, ആട്ടോറിക്ഷ വരുമാനത്തിലും കുറവുണ്ടായി.
ടൂറിസം മേഖലയുടെ തിരിച്ചുവരവ് വൈകും
മൺറോത്തുരുത്തും അഷ്ടമുടിയും ഉൾപ്പെടെയുള്ള ജില്ലയുടെ വിനോദ സഞ്ചാര മേഖല നിയന്ത്രണങ്ങളിൽ നിശ്ചലമാണ്. ഹൗസ് ബോട്ടുകളിലും ഹോം സ്റ്റേകളിലും ഹോട്ടലുകളിലും ടൂറിസ്റ്റുകളില്ല. വേനലവധി ആഘോഷത്തിന് കുടുംബങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ യാത്രകൾ ഉപേക്ഷിച്ചു. കുടുംബ വീടുകളിലേക്കുള്ള യാത്രകൾ പോലും തത്കാലം വേണ്ടെന്ന് വെച്ചു.
വരുമാന നഷ്‌ടം നേരിട്ട് ആശുപത്രികളും
മഹാമാരിയെ ഭയന്ന് കാര്യമായ അസുഖമില്ലാത്ത ആരും ഇപ്പോൾ ആശുപത്രികളിലേക്ക് പോകുന്നില്ല. സ്വകാര്യ - സർക്കാർ ആശുപത്രികളിലെ ഒ.പി, ഐ.പി മേഖലകളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ആശുപത്രികളിലെ ഫാർമസി വരുമാനവും ലാബ്, സ്‌കാൻ സെന്ററുകളിലെ വരുമാനവും കുറഞ്ഞു. ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് കേന്ദ്രങ്ങളിൽ പോലും പതിവ് തിരക്ക് ഇല്ലാത്തതിനാൽ മെഡിക്കൽ സ്റ്റോറുകളിലെ വരുമാനവും ഇടിഞ്ഞു.
മദ്യശാലകളിലെ തള്ളിക്കയറ്റം കുറയുന്നു
മദ്യശാലകളിലെയും ബാറുകളിലെയും പതിവ് തള്ളിക്കയറ്റവും തിരക്കും കുറഞ്ഞു. വലിയ തിരക്കിൽ മണിക്കൂറുകൾ ക്യൂ നിന്ന് മദ്യം വാങ്ങാൻ പലരും തയ്യാറാകുന്നില്ല. ക്യൂവിൽ കാത്ത് നിന്നാൽ സുരക്ഷാ മുൻ കരുതലുകൾ പാലിക്കാനാകില്ലെന്ന ഭയം ചിലർക്കെങ്കിലുമുണ്ട്. മദ്യം നേരിട്ട് എടുക്കാൻ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലും പഴയ തിരക്കില്ല.
മുടക്ക് മുതലും കിട്ടാതെ
കോഴി കർഷകർ
22 രൂപയ്‌ക്ക് കോഴിക്കുഞ്ഞിനെ വാങ്ങി മൂന്നര മാസം വളർത്തിയ കർഷകൻ വിറ്റപ്പോൾ കിട്ടിയത് 27 രൂപ.
വൻ സാമ്പത്തിക നഷ്ടമാണ് ഇറച്ചി കോഴി, മുട്ട എന്നിവയുടെ വിൽപ്പനയിലുണ്ടായത്. കൊറോണ മാത്രമല്ല, പക്ഷിപ്പനിയും ഈ രംഗത്തെ നഷ്ടത്തിന് മറ്റൊരു കാരണമായി.
സാനിറ്റൈസറിനും ഹാൻഡ്
വാഷിനും മാസ്‌കിനും പ്രിയമേറി
ജാഗ്രതാ നിർദേശം ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയാണ്. പൂഴ്‌ത്തി വച്ച് കൊള്ള വിലയ്ക്ക് വിറ്റവരുമുണ്ട്. വിവിധ സംഘടനകൾ ഈ മൂന്നിനങ്ങളും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാൻ തുടങ്ങിയതോടെ ലഭ്യത വർദ്ധിച്ചിട്ടുണ്ട്.
തിരിച്ച് വരവിന് കാത്ത് വിപണി
അരിയും പലവ്യഞ്ജനങ്ങളും അല്ലാതെ മറ്റൊന്നും വിപണിയിൽ നിന്ന് കാര്യമായി വിറ്റ് പോകുന്നില്ല. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന വർദ്ധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. കല്യാണം, സ്വീകരണങ്ങൾ തുടങ്ങിയ ചടങ്ങുകൾ നിറുത്തിവച്ചതോടെ പച്ചക്കറി വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ട്. വസ്ത്ര മേഖലയിൽ പതിവ് തിരക്ക് ഇപ്പോഴില്ല.