tourist

 മൂവായിരത്തോളം തൊഴിലാളികൾ പട്ടിണിയിലേക്ക്

കൊല്ലം: കൊറോണ വൈറസ് ബാധ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ പ്രതിദിനം സൃഷ്ടിക്കുന്നത് മൂന്ന് കോടിയുടെ നഷ്ടം. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മൂവായിരത്തോളം തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.

മാർച്ച് മുതൽ മേയ് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വൻതോതിൽ ജില്ലയിലേക്ക് എത്തുന്നതാണ്. പതിവ് പോലെ ഇവർ മുൻകൂട്ടി ജില്ലയിലെ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്തിരുന്നു. കൊറോണ വൈറസ് ബാധ പടർന്നതോടെ ഈ ബുക്കിംഗുകളിൽ 90 ശതമാനവും റദ്ദാക്കി. സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ടൂറിസ്റ്റ് ബസുകളുടെ ബുക്കിംഗും കൂട്ടത്തോടെ റദ്ദാക്കപ്പെട്ടു. കൊല്ലം നഗരത്തെയും മൺറോത്തുരുത്തിനെയും ബന്ധപ്പെടുത്തിയുള്ള ടൂറിസം പാക്കേജിന്റെ ഭാഗമായി 150 ഓളം ഹൗസ് ബോട്ടുകളും ചെറുവള്ളങ്ങളുമുണ്ട്. ഇവയെല്ലാം ഇപ്പോൾ ബോട്ട് ജെട്ടികളിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇവയെ ആശ്രയിച്ച് മാത്രം ആയിരത്തോളം തൊഴിലാളികൾ ഉപജീവനം നടത്തിയിരുന്നതാണ്. നാല് ടൂറിസ്റ്റ് ബോട്ടുകളിലൂടെ ഡി.ടി.പി.സിക്ക് പ്രതിദിനം 30,​000 രൂപയോളം വരുമാനം ഉണ്ടായിരുന്നു. ഇതും പൂർണമായും ഇല്ലാതായി.

സ്തംഭിച്ച പ്രധാന ടൂറിസം കേന്ദ്രങ്ങൾ

 തെന്മല  പാലരുവി
 ജടായുപ്പാറ

 മൺറോത്തുരുത്ത്

 കൊല്ലം, ബീച്ച്, ആശ്രാമം

ബോട്ട് സർവീസുകൾ

ഭീമമായ നഷ്ടത്തിൽ

കൊറോണ വൈറസ് ബാധ ജലഗതാഗത വകുപ്പിനും കനത്ത നഷ്ടമായാണ് സമ്മാനിക്കുന്നത്. ആലപ്പുഴ- കൊല്ലം ബോട്ട് സർവീസ് ഈ മാസം 10 മുതൽ നിറുത്തിവച്ചിരിക്കുകയാണ്. നേരത്തെ 14,000 രൂപ വരെയായിരുന്നു പ്രതിദിന വരുമാനം. ഇപ്പോൾ വരുമാനം നാലായിരത്തിലേക്ക് ഇടിഞ്ഞു. നാല് ബോട്ടുകളിൽ മൂന്നെണ്ണമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളു.