കരുനാഗപ്പള്ളി: ഇടവിള കർഷകരെ ദുരിതത്തിലാക്കി ഇടത്തോടുകളിലൂടെയുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം. കൃഷി ആവശ്യത്തിനായി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ചീപ്പുകളും രാജഭരണ കാലത്ത് നിർമ്മിച്ച തഴത്തോടുകളുമാണ് കർഷകരെ വലയ്ക്കുന്നത്. കാൽ നൂറ്റാണ്ടിന് നിർമ്മിച്ച ചീപ്പുകൾ ടി.എസ് കനാലുമായും തഴത്തോടുകൾ കായംകുളം കായലുമായുമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതുവഴിയാണ് ഉപ്പുവെള്ളം ഇരച്ചുകയറുന്നത്.
ഇടവിളകളായി കൃഷി ചെയ്യുന്ന വാഴ, ചേന, ചേമ്പ്, കാച്ചിൽ, ചീര, തക്കാളി, വഴുതന, വെണ്ട തുടങ്ങിയവയാണ് വ്യാപകമായി നശിക്കുന്നത്.
ക്ലാപ്പന, കുലശേഖരപുരം ഗ്രാമപഞ്ചായത്തുകളിൽ കിണറുകളിലെ വെള്ളത്തിന് പോലും ഉപ്പുരസം ഉള്ളതായി പ്രദേശവാസികൾ പറയുന്നു. കനാലും ഇടത്തോടുകളും തമ്മിൽ സംഗമിക്കുന്നിടത്ത് മുൻകാലങ്ങളിൽ പലകൾ നിരത്തി ഇതിനുള്ളിൽ മണ്ണ് ഇട്ട് നികത്തിയാണ് ഉപ്പുവെള്ളത്തെ തടഞ്ഞിരുന്നത്. പണ്ട് കൃഷിക്കാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് ഇത് ചെയ്തിരുന്നത്. എന്നാൽ നെൽക്കൃഷി അന്യംനിന്നതോടെ കർഷകർ പിന്മാറി. ഇതോടൊപ്പം കൃഷി വകുപ്പും ഗ്രാമപഞ്ചായത്തുകളും വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് ഇടവിള കർഷകർ പറയുന്നത്.
വേണം അടിയന്തര ശ്രദ്ധ
കരുനാഗപ്പള്ളി ഓണാട്ടുകര വികസന ഏജൻസി പരിധിയിൽ വരുന്ന പ്രദേശമാണിവിടം. ഇവർ മനസുവച്ചാൽ കരുനാഗപ്പള്ളിയിലെ എല്ലാ ചീപ്പുകൾക്കും തഴത്തോടുകൾക്കും മണ്ണ് കൊണ്ടുള്ള ബണ്ട് നിർമ്മിച്ച് ഉപ്പ് വെള്ളത്തിന്റെ കടന്ന് കയറ്റത്തെ തടയാനാകും. ഇതിനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ചീപ്പുകൾ
ക്ളാപ്പനയിൽ: 13
കുലശേഖരപുരം:0 5
കരുനാഗപ്പള്ളി: 01
തോടുകൾ: 4
...................................................
ജലസേചനത്തിനായി നിർമ്മിച്ചിട്ടുള്ള എല്ലാ ചീപ്പുകളും ടി.എസ്.കനാലുമായി ബന്ധപ്പെട്ടതാണ്. കായലിൽ ഉപ്പ് വെള്ളം കയറിയാൽ വേലിയേറ്റ സമയത്ത് ചീപ്പുകൾ വഴി ഇത് ഉൾപ്രദേശങ്ങളിൽ എത്തും. ഇടവിള കൃഷി വ്യാപകമായി നശിക്കുകയാണ്. കൃഷി നശിക്കുന്ന കർഷകർക്ക് ഒരു രൂപ പോലും ധനസഹായം കിട്ടാറില്ല. മുൻ വർഷങ്ങളിൽ നാശത്തിന്റെ കണക്കെങ്കിലും ഉദ്യോഗസ്ഥർ എടുക്കുമായിരുന്നു. ഇന്ന് ഇതെല്ലാം നിലച്ചിരിക്കുകയാണ്. ഉപ്പ് വെള്ളത്തിന്റെ കടന്നുകയറ്റം തടയുന്നതിനായി ചീപ്പുകളിൽ പലക നിരത്തി മദ്ധ്യഭാഗത്ത് മണ്ണിട്ട് ബണ്ട് നിർമ്മിക്കണം.
എസ്. രമണൻ, സെക്രട്ടറി, ആലുംകടവ് വികസന സമിതി.