trup

 പട്ടിണിയുടെ വക്കിൽ കുടുംബങ്ങൾ

പത്തനാപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉത്സവങ്ങൾ ചടങ്ങുകളായി ചുരുങ്ങിയതോടെ കലാകാരന്മാരും അവരുടെ കുടുംബങ്ങളും പെരുവഴിയിലായി. നാടകം, ഡാൻസ്, ഗാനമേള, വാദ്യമേളക്കാർ തുടങ്ങി ട്രൂപ്പുകളിലെ കലാകാരന്മാരാണ് സീസണിലെ പരിപാടികൾ അന്യമായതോടെ ദുരിതത്തിലായത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയക്കെടുതി കാരണം മിക്ക ആഘോഷങ്ങളും ഒഴിവാക്കിയത് തൊഴിൽ മേഖലയെ ബാധിച്ചിരുന്നു. ഇക്കുറി കൊറോണയുടെ രൂപത്തിലാണ് ദുരിതമെത്തിയത്. മാസങ്ങൾ നീളുന്ന തയ്യാറെടുപ്പുകൾക്ക് ശേഷം ലക്ഷങ്ങൾ ചെലവഴിച്ചാണ് നാടകം, ഗാനമേള ട്രൂപ്പുകൾ സ്റ്റേജ് പരിപാടികൾ ചിട്ടപ്പെടുത്തുന്നത്.

ഒരു നൃത്ത നാടകത്തിന് കർട്ടൻ, ഡ്രസ്, ലൈറ്റ് അറേജ്മെന്റ് ഇനത്തിൽ മാത്രം പത്ത് ലക്ഷത്തിലധികം രൂപ ചെലവ് വരും. ബാങ്ക് ലോണും പലിശയ്ക്കെടുത്തുമാണ് ട്രൂപ്പ് ഉടമകൾ പണം കണ്ടെത്തുന്നത്. കലാകാരന്മാരെ കൂടാതെ അണിയറയിൽ പ്രവൃത്തിക്കുന്ന സാങ്കേതിക പ്രവർത്തകരും നിരവധിയാണ്. ഇവരും തൊഴിൽ നഷ്ടം നേരിടുകയാണ്. ബുക്ക് ചെയ്ത പരിപാടികൾ റദ്ദ് ചെയ്ത് അഡ്വാൻസ് തുക തിരികെ ചോദിച്ച് തുടങ്ങിയതോടെ ഇരട്ടി സാമ്പത്തിക പ്രതിസന്ധിയാണ് ട്രൂപ്പുകൾ നേരിടുന്നത്.

തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ട്രൂപ്പുകളുള്ളത്. കൊറോണ ഭീതിയിൽ സിനിമ, സീരിയൽ ചിത്രീകരങ്ങളും നിറുത്തിവച്ചിരിക്കുകയാണ്. ഇനിയെന്തെന്ന ചോദ്യം മാത്രമാണ് കലാകാരന്മാരുടെ ജീവിത തിരശീലയ്ക്ക് മുന്നിലുള്ളത്.