ഒരു വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്ക് വനം സന്ദർശിക്കാം
കൊല്ലം: ചീവിടുകളുടെ ചിലമ്പലിന് കാതോർത്ത് ശുദ്ധവായുവും ശ്വസിച്ച് പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിക്കാൻ നഗരവാസികൾക്ക് അവസരമൊരുങ്ങുന്നു. ജാപ്പനീസ് സാങ്കേതിക വിദ്യയായ 'മിയാവാക്കി' ഉപയോഗപ്പെടുത്തി ലിങ്ക് റോഡിനോട് ചേർന്നുള്ള ആശ്രാമം മൈതാനത്തിന്റെ വടക്ക് ഭാഗം കൊടുംവനമാക്കി മാറ്റാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്.
കേരളാ ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഒരു വർഷം കൊണ്ട് വളരുന്ന മിയാവാക്കി വനം ഒരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.
20 സെന്റിൽ 2000 വൃക്ഷങ്ങൾ
ഒരു ചതുരശ്രയടിയിൽ നാല് വൃക്ഷച്ചെടികളാണ് വച്ചുപിടിപ്പിക്കുന്നത്. അങ്ങനെ 20 സെന്റിൽ കുറഞ്ഞത് രണ്ടായിരം വൃക്ഷങ്ങളെങ്കിലും വളർത്തും. ഒരു ചതുരശ്രയടി സ്ഥലത്ത് വൃക്ഷച്ചെടികൾ വച്ചുപിടിപ്പിച്ച് വളർത്തുന്നതിന് 370 രൂപ വീതം കേരള ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നിർവഹണ ഏജൻസിയായ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ കൗൺസിലിന് നൽകും.
അടുത്ത ആഴ്ചയോടെ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് തുടങ്ങും. ഒരു വർഷത്തിന് ശേഷം ജനങ്ങൾക്ക് നഗരമദ്ധ്യത്തിലെ വനം സന്ദർശിക്കാം.
60 ഇനം വൃക്ഷങ്ങൾ
സംസ്ഥാനത്തെ വനമേഖലകളിൽ കാണപ്പെടുന്ന തനത് വൃക്ഷങ്ങളായ മരോട്ടി, മരുത്, കാഞ്ഞിരം, അശോകം, ആൽ തുടങ്ങിയ വൃക്ഷങ്ങൾക്ക് പുറമേ പക്ഷികളെ ഇവിടേക്ക് ആകർഷിക്കാൻ പൊൻകൊരണ്ടി, മാവ്, അത്തി, തൊണ്ടി തുടങ്ങിയ ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കും.
..............................................................
എന്താണ് മിയാവാക്കി വനം
ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമി ആക്രമണത്തെ തുടർന്ന് നിരവധി മരങ്ങൾ നശിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ കാലയളവിൽ സ്വാഭാവിക വനം നിർമ്മിക്കുന്നതിനായി കണ്ടെത്തിയ പ്ളാന്റിംഗ് രീതിയാണ് 'മിയാവാക്കി'. ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ അക്കിര മിയാവാക്കിയാണ് ഈ വിദ്യയുടെ പിതാവ്. മിയാവാക്കിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നൂറുകണക്കിന് വനങ്ങൾ ലോകത്തുണ്ട്. ഒരു വർഷം കൊണ്ട് പത്ത് വർഷത്തെ വളർച്ച നേടുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത. അങ്ങനെ പത്ത് വർഷം കൊണ്ട് 150 വർഷത്തെ വളർച്ച പ്രാപിക്കും.
പ്ളാന്റിംഗ് രീതി...
ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് ചാണകവും ചകിരിച്ചോറും ജൈവവളങ്ങളും അടങ്ങിയ മിശ്രിതം നിറയ്ക്കും. അതിന് ശേഷം തറനിരപ്പിൽ നിന്ന് ഒരടി ആഴത്തിലാകും മൂന്ന് മാസം വളർച്ചയെത്തിയ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക. വേര് പിടിച്ച് തുടങ്ങുമ്പോൾ തന്നെ സമൃദ്ധമായ വളം പിടിച്ച് വൃക്ഷത്തൈ വേഗത്തിൽ വളരും.