കൊട്ടാരക്കര: ടൗണിലെ വ്യാപാരികളും ജീവനക്കാരും ഇപ്പോൾ സദാസമയം മാസ്കും തൂവാലയും ഉപയോഗിച്ച് മുഖം മറച്ചാണ് ജോലി ചെയ്യുന്നത്. ഇത് കൊറോണയെ മാത്രം ഭയന്നാണെന്ന് കരുതിയാൽ തെറ്റി. വേനൽ ശക്തമായതോടെ ഉയരുന്ന ശക്തമായ പൊടിയേയും ചെറുക്കാനാണ് ഈ മുൻകരുതൽ. ടൗണിൽ കഴിഞ്ഞ ഒരുമാസമായി തുടരുന്ന കലുങ്ക് നിർമ്മാണം, ഓടയുടെ സ്ളാബ് മാറ്റൽ, പൈപ്പിടീൽ തുടങ്ങിയ പ്രവൃത്തികളാണ് വില്ലനാകുന്നത്. തകർന്ന റോഡിൽ നിന്ന് ചെറിയ കാറ്റടിച്ചാൽ പോലും ശക്തമായ പൊടിയാണ് ഉയർന്നുപൊങ്ങുന്നത്.
വ്യാപാരികളെപ്പോലെ ടൗണിലെത്തുന്ന മറ്റ് ജനങ്ങളെയും പൊടിക്കാറ്റ് വലയ്ക്കുന്നുണ്ട്. രാവിലെ മുതൽ രാത്രി ഒൻപതു മണിവരെ ടൗണിലെ കടകളിൽ ജോലി ചെയ്യുന്നവരുടെ നിലവിലെ അവസ്ഥ വിവരിക്കാൻ പോലും പ്രയാസമാണ്.
എന്നാൽ ഇതിന് പരിഹാരം കാണുന്നതിനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. മുൻ വർഷങ്ങളിൽ വേനൽക്കാലം ആരംഭിക്കുമ്പോൾ തന്നെ പൊടിയകറ്റുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ നിരത്തുകളിൽ രണ്ടും മൂന്നും തവണ വെള്ളം തളിക്കുമായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. നിലവിൽ വ്യാപാരികൾ തന്നെ ജലം സംഭരിച്ച് തൊഴിലാളികളെ കൊണ്ട് റോഡിൽ തളിക്കുകയാണ് പതിവ്. ടൗണിൽ ജലക്ഷാമം രൂക്ഷമായതിനാൽ ഇതും ഇപ്പോൾ നടക്കുന്നില്ല.
...............................................
പൊടിശല്യത്തിൽ നിന്നും മോചനം നേടാനായി ചിലരെങ്കിലും കടകൾ തുറക്കാതിരിക്കുകയാണ്.അലർജിയും ആസ്മയും ഉള്ളവർ സ്ഥാപനം തൊഴിലാളികളെ ഏൽപ്പിച്ചു മാറിനിൽക്കേണ്ടി വരുന്നു. വ്യാപാരികളുടെ ബുദ്ധിമുട്ടേ പരിഹരിക്കാനായി ബന്ധപ്പെട്ടവർ ഓട നിർമ്മാണവും സ്ളാബ്, പൈപ്പ് ഇടീലും എത്രയും വേഗം പൂർത്തിയാക്കണം. ഇല്ലെങ്കിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധിക്കും
വ്യാപാരി വ്യവസായി ഏകോപന സമിതി