kunnathur-
തൊളിക്കൽ ഏലായിലെ തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച നിലയിൽ. കുന്നത്തൂർ പഞ്ചായത്ത് സ്ഥാപിച്ച 'വെളിയിട വിസർജ്ജന വിമുക്ത ഗ്രാമപഞ്ചായത്ത് എന്ന ബോർഡും കാണാം

ഒരു മാസത്തിനിടെ മൂന്ന് തവണ കക്കൂസ് മാലിന്യം തള്ളി

ശാസ്‌താംകോട്ട: വിവിധ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്ന ചേലൂർ പുഞ്ചയിലേക്ക് ഒഴുകുന്ന കുന്നത്തൂർ തൊളിക്കൽ ഏലായിലെ പ്രധാന തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. രാത്രിയിലാണ് ടാങ്കറുകളിലെത്തിക്കുന്ന മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്.

കുന്നത്തൂർ പഞ്ചായത്ത് സ്ഥാപിച്ച 'വെളിയിട വിസർജ്ജന വിമുക്ത ഗ്രാമപഞ്ചായത്ത് എന്ന ബോർഡിന്' സമീപത്ത് തുടർച്ചയായി മാലിന്യ നിക്ഷേപം നടത്തിയിട്ടും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുന്നത്തൂർ പഞ്ചായത്ത് ഓഫീസ്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായിട്ടില്ല. സന്ധ്യകഴിഞ്ഞാൽ തോടിന് ഇരുവശവും മദ്യപാനികളുടെ തിരക്കാണ്. മദ്യ കുപ്പികളും ബിയർ കുപ്പികളും നിറഞ്ഞ തോട്ടിൻകരയിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.