photo
സുനിൽ

കൊല്ലം: റൂറൽ പൊലീസിലെ ഡാൻസാഫ് അംഗമായ എ.എസ്.ഐ ആഷിക് കോഹൂരിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട സംഘത്തിലെ പ്രധാനി ബെല്ലാരി സുനിലെന്ന കൊറ്റങ്കര കൊട്ടാച്ചിറ മാടൻകാവിന് സമീപം വയലിൽ പുത്തൻവീട്ടിൽ സുനിലിനെ (42) കുണ്ടറ പൊലീസ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.

തമിഴ്നാട്ടുകാരൻ ഉൾപ്പെടെ ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കഞ്ചാവ് വില്പന സംഘത്തിലെ പ്രധാനികളായ ഇവരെ പലപ്പോഴും കുടുക്കിയത് നാട്ടുകാരൻ കൂടിയായ ആഷിക് കോഹൂരാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. ടിപ്പർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഫെബ്രുവരിയിൽ കുണ്ടറയിൽ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ നാലംഗ സംഘത്തിന്റെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ പദ്ധതികൾ പൊലീസിന്റെ കാതിലെത്തിയത്.

ജയിലിൽ കഴിയുന്നയാൾ കൊല നടത്താമെന്നും പകരം കുടുംബത്തിന്റെ സുരക്ഷിതത്വം സുനിലും സംഘവും ഏറ്റെടുക്കണമെന്നുമായിരുന്നു ധാരണ. ആസൂത്രിത നീക്കത്തിലാണ് നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ എസ്.വൈശാഖ് (31), തൃപ്പിലഴികം നെടുമ്പുറത്ത് തെക്കതിൽ ചോട്ടുവെന്ന മുഹമ്മദ് ഷെറിൻ (23) എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ തലവൻ സുനിലും പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുണ്ടറ സി.ഐ ജയകൃഷ്ണൻ, എസ്.ഐമാരായ ഗോപകുമാർ, വിദ്യാധിരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.