അഞ്ചാലുംമൂട്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി സർക്കാർ നിർദ്ദേശ പ്രകാരം നഗരത്തിലെ ബാറുകൾ, മദ്യ വിൽപ്പനശാലകൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവയ്ക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി. കൂട്ടം കൂടരുത്, തിരക്ക് സമയത്ത് മദ്യം വാങ്ങുന്നത് നിയന്ത്രിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾക്ക് പുറമെ സാനിടൈസേഷൻ സൗകര്യമുൾപ്പെടെ ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ജീവനക്കാരുമായി സഹകരിക്കണമെന്നും പരസ്പരം ഒരു മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് ബോർഡിൽ നിർദ്ദേശമുണ്ട്. കൂട്ടം കൂടി മദ്യം വാങ്ങുന്നതിനെതിരെയും മുന്നറിയപ്പുണ്ട്. ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണമുള്ളവർ മദ്യശാലകളിൽ എത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. അതേസമയം സർക്കാർ മദ്യവിൽപ്പനശാലകളിൽ കൂടുതൽ കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.