court

കൊല്ലം: ജില്ലാ കോടതി സമുച്ചയം നിർമ്മിക്കാൻ എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കറോളം സ്ഥലം വിട്ടുനൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തീരുമാനത്തിലൂടെ കൊല്ലത്തെ അഭിഭാഷകരുടെ വർഷങ്ങളായുള്ള സ്വപ്നമാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.

എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നിടത്ത് കോടതി സമുച്ചയം നിർമ്മിക്കണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനം നീളുകയായിരുന്നു. ഒരു വർഷം മുൻപ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിൽ ഇരുകൂട്ടരുമായും ചർച്ച നടത്തി സമവായത്തിലെത്തിയിരുന്നു. എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽ പലയിടത്തായുള്ള ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി ഒരുഭാഗത്ത് പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കാനും ശേഷിക്കുന്നിടത്ത് കോടതി സമുച്ചയം പണിയാനുമായിരുന്നു ധാരണ. പുതിയ ഫ്ലാറ്റ് നിർമ്മിക്കാൻ 2017-18 വർഷത്തെ ബഡ്ജറ്റിൽ 20 കോടി അനുവദിച്ചിരുന്നു. കോടതി സമുച്ചയ നിർമ്മാണത്തിനും ജീവനക്കാർക്കുള്ള ഫ്ലാറ്റ് നിർമ്മിക്കാനും തൊട്ടടുത്തുള്ള ഭൂമി വിട്ടുനൽകാൻ നഗരസഭയും തീരുമാനിച്ചിട്ടുണ്ട്.

''

ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ താൻ റവന്യൂ മന്ത്രിയുമായി നേരത്തെ നടത്തിയ ചർച്ചയിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലം കോടതി സമുച്ചയ നിർമ്മാണത്തിന് വിട്ടുനൽകാൻ ധാരണയായിരുന്നു. മന്ത്രി കെ.രാജുവും യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് പല സാങ്കേതിക തടസങ്ങളും ഉണ്ടായി. പക്ഷെ മുഖ്യമന്ത്രി അനുകൂല നിലപാടെടുത്തു. കളക്ടറേറ്റിനും ജയിലിനും അടുത്ത് കോടതി സമുച്ചയം വരുന്നതാണ് കൂടുതൽ സൗകര്യപ്രദം. ജുഡീഷ്യറിയുടെ പ്രവർത്തനത്തിന് ഏറ്റവും ഗുണകരമായ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭാ യോഗമെടുത്തത്.

ജെ.മേഴ്സിക്കുട്ടിഅമ്മ,​

മന്ത്രി