budjet-chathannoor
വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ ബഡ്ജറ്റ് അവതരിപ്പിക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ ബഡ്ജറ്റ് അവതരിപ്പിച്ചു. 32,31,56,246 കോടി രൂപ വരവും 29,48,51,228 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

കാർഷിക മേഖലയിൽ പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കുക ലക്ഷ്യമിട്ട് നെൽകൃഷി, പച്ചക്കറി കൃഷി, ഇടവിള കൃഷി എന്നിവയ്ക്കായി 33 ലക്ഷം ലക്ഷം രൂപയും മൃഗസംരക്ഷണത്തിനായി 39 ലക്ഷം രൂപയും വകയിരുത്തി പന്ത്രണ്ടിന പദ്ധതികളാണ് ബഡ്ജറ്റ് പ്രകാരം പഞ്ചായത്തിൽ നടപ്പിലാക്കുന്നത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മലാ വർഗീസ് അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ സുഭാഷ് പുളിക്കൽ, ചാക്കോ, ഷീജ അനിൽ, സുരേഷ്, കൃഷ്ണകുമാർ, വി. സണ്ണി, അംബികാ ശശി, മഹേശ്വരി, രേഷ്മാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി വിനോദ്കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സജി നന്ദിയും പറഞ്ഞു.

 ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

 പി.എം.ആർ.വൈ ലൈഫ് പദ്ധതിക്കായി പദ്ധതി വിഹിതത്തിന്റെ ഇരുപത് ശതമാനവും ഹഡ്കോ വായ്പ ഉൾപ്പെടെ 1.80 കോടി രൂപയും

 ആരോഗ്യ ശുചിത്വ പകർച്ചവ്യാധി നിയന്ത്രണ രംഗത്തെ പദ്ധതികൾക്കായി 50 ലക്ഷം രൂപ

 ജലസ്രോതസുകൾ സംരഷിക്കുന്നതിനും തടയണകൾ, ചെക്ക് ഡാമുകൾ എന്നിവ നിർമ്മിക്കുന്നതിനുമായി 3.60 കോടി രൂപ

 ജനകീയ ഹോട്ടൽ സ്ഥാപിച്ച് കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കും

 വയോജനങ്ങൾക്കായി ക്ലബ്‌ രൂപീകരിക്കുന്നതോടൊപ്പം പാലിയേറ്റിവ് പരിചരണത്തിന് ഊന്നൽ നൽകും

 ശുചിത്വ കേരളം പദ്ധതി പ്രകാരം തോടുകളും കുളങ്ങളും ശുചീകരിക്കും

 പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി ലോക്കൽ എംപ്ലോയ്മെന്റ് അഷ്വറൻസ് പ്രോഗ്രാം

 പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സംസ്ഥാന സർക്കാരിന്റെ ദുരന്ത മാനേജ്മെന്റ് പ്ലാൻ നടപ്പാക്കും.


 കഴിഞ്ഞ ബഡ്ജറ്റിലെ പദ്ധതികൾ പോലും പൂർത്തീകരിക്കുവാൻ കഴിയാതെ തട്ടിക്കൂട്ട് ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് അധികാരങ്ങൾ സർക്കാർ കവർന്നെടുത്തത് വഴി ലൈഫ് മിഷൻ പദ്ധതികൾ പഞ്ചായത്തിന് നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ ആസ്തി വർദ്ധിപ്പിക്കുന്നതിനുള്ള യാതൊരു പദ്ധതികളും ബഡ്ജറ്റിൽ ഇല്ല.

സുഭാഷ് പുളിക്കൽ

കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ

 ചാത്തന്നൂർ ടൗൺ വികസനത്തിന് യാതൊരു പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്.

ആർ. ഷീജ

ഗ്രാമപഞ്ചായത്ത്‌ അംഗം