കൊല്ലം: അവശതകൾ മറന്ന് ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് എൺപത്തിയാറാം പിറന്നാൾ മധുരം. ഇന്നലെ വാളകം കീഴൂട്ട് വീട്ടിലായിരുന്നു പിള്ളയുടെ പിറന്നാൾ ആഘോഷം. രാവിലെ തന്നെ മക്കളായ കെ.ബി.ഗണേശ് കുമാർ എം.എൽ.എയും ഉഷാ മോഹൻദാസും ബിന്ദു ബാലകൃഷ്ണനും മരുമക്കളായ കെ.മോഹൻദാസും ടി.ബാലകൃഷ്ണനും കൊച്ചുമക്കളും എത്തിയിരുന്നു. പതിനൊന്നരയോടെ കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എ.ഷാജുവും പ്രവർത്തകരും പിറന്നാൾ കേക്കുമായെത്തി. പൊന്നാടയിട്ട് പിള്ളയെ ഹാളിലേക്ക് ആനയിച്ചു. പിന്നെ കേക്ക് മുറിച്ച് മക്കൾക്കും കൊച്ചുമക്കൾക്കും പ്രവർത്തകർക്കും നൽകി. എല്ലാവരും മധുരം പങ്കിട്ടു. രാഷ്ട്രീയ ചർച്ചകൾ മാറ്റിവച്ച് എല്ലാവരും പിറന്നാൾ ആഘോഷ ലഹരിയിലായി. പൊതു ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്ന പിള്ള ആരോഗ്യവാനായിട്ടാണ് പങ്കുകൊണ്ടത്. ഉച്ചയ്ക്ക് എല്ലാവരുമൊന്നിച്ച് സദ്യയുണ്ടു. പിള്ളയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാലട പ്രഥമനുൾപ്പെടെ മൂന്ന് കൂട്ടം പായസവും ഒരുക്കിയിരുന്നു. നേതാക്കളായ എ.ഷാജു, ശങ്കരൻകുട്ടി, ജേക്കബ് വർഗീസ് വടക്കടത്ത്, ജോയിക്കുട്ടി, മനോജ് കൊട്ടാരക്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മീനത്തിലെ പൂരാടക്കാരൻ
കേരള രാഷ്ട്രീയത്തിൽ എന്നും ചർച്ചാകേന്ദ്രമായ ആർ.ബാലകൃഷ്ണ പിള്ളയുടെ നക്ഷത്രം മീനത്തിലെ പൂരാടമാണ്. എസ്.എഫ്.ഐ പ്രവർത്തകനായിട്ടാണ് പിള്ള വിദ്യാർത്ഥി രാഷ്ട്രീയത്തിലിറങ്ങിയത്. പിന്നീട് പാർട്ടികൾ മാറി, ഒടുവിൽ കേരളാ കോൺഗ്രസ് (ബി) എന്ന സ്വന്തം പാർട്ടിയുടെ ചെയർമാനായി. മന്നത്ത് പത്മനാഭന്റെ കൈപിടിച്ച് സമുദായ പ്രവർത്തനത്തിലെത്തി നേതൃനിരയിലേക്ക് വളർന്നു. ആരെയും കൂസാത്ത പ്രകൃതമാണ് പിള്ളയുടെ എന്നത്തെയും സവിശേഷത. വിവാദങ്ങൾ കൂടപ്പിറപ്പാണെങ്കിലും പോരാട്ട വീര്യത്തിന് ഒട്ടും കുറവില്ല. പഞ്ചാബ് മോഡൽ പ്രസംഗത്തോടെയാണ് പിള്ളയുടെ നാവിന്റെ മൂർച്ച കൂടുതൽ വിവാദത്തിലെത്തിയത്. പിന്നെ പല പ്രസംഗങ്ങളും കോടതി കയറി. നന്നേ ചെറുപ്പത്തിലേ നിയമസഭയിലെത്തി. രാഷ്ട്രീയ അതികായരായിരുന്ന ഇ.ചന്ദ്രശേഖരൻ നായരോടും കൊട്ടറ ഗോപാലകൃഷ്ണനോടും തോറ്റും ഇരുവരെയും തോൽപ്പിച്ചും നിയമസഭയിലെത്തിയിട്ടുള്ള പിള്ള മൂന്ന് തവണ മന്ത്രിയായി. എസ്.ആർ.പിയെ തോൽപ്പിച്ച് പാർലമെന്റിലുമെത്തി. പി.ഐഷാപോറ്റിയോടുള്ള തോൽവിയും ഇടമലയാർ കേസിലെ വിധിയും ആർ.ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ വേരിളക്കിയെന്ന് പറഞ്ഞവർക്ക് തെറ്റി, അധികാരമുള്ളതിനേക്കാൾ ശക്തനാണ് അധികാരമില്ലാത്ത പിള്ളയെന്നും പലപ്പോഴും തെളിയിച്ചു. അടുത്തകാലത്ത് വാർദ്ധക്യത്തിന്റെ അവശതകൾ തീർത്തും അലട്ടിയിരുന്നു. പൊതുവേദികളിൽ നിന്നും ഒഴിഞ്ഞുനിന്നിരുന്നു. എന്നാൽ പിറന്നാൾ ദിനത്തിൽ എല്ലാവരും ഒത്തുകൂടിയപ്പോൾ അവശതകൾ മറന്ന് മീനസൂര്യൻ തെളിഞ്ഞു.