arrest

ചവറ: വധശ്രമക്കേസിൽ ഒളിവിൽപോയ പ്രതിയെ അറസ്റ്റ് ചെയ്തു. വടുതല ജംഗ്ഷന് സമീപം പാവൂർ പടിഞ്ഞാറ്റതിൽ വിനോദിനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ പന്മന കോലം താമളയിൽ വിട്ടിൽ ആർ. രതീഷിനെയാണ് (30) ചവറ പൊലീസ് പിടികൂടിയത്. വടുതലയിൽ കഴിഞ്ഞവർഷം നടന്ന ഓണാഘോഷ പരിപാടികൾ അലങ്കോലപ്പെടുത്താനായി വന്ന രതീഷ് ഉൾപ്പെടുന്ന സംഘത്തെ സ്ഥലവാസിയായ വിനോദ് തടഞ്ഞിരുന്നു. അതിന്റെ പ്രതികാരം തീർക്കാനായി ആയുധങ്ങളുമായി എത്തിയ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിനോദിനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വിനോദിന്റെ അമ്മയെയും അക്രമികൾ ഉപദ്രവിച്ചിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കേരളത്തിന് അകത്തും പുറത്തുമായി പൊലീസിനെ വെട്ടിച്ചുനടക്കുകയായിരുന്നു. പ്രതികൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ അപ്പുണ്ണിയെന്ന അഖിൽ, കുഞ്ഞുമോൻ എന്ന ശ്രീകുമാർ, കൊച്ചുസന്ദീപ് എന്ന സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രതീഷ് കർണ്ണാടകത്തിൽ നിന്ന് നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച്ച രാത്രിയോടെ ചവറ സി.ഐ നിസാമുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.