കൊല്ലം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന എണ്ണം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കിൽ വൻ പൊരുത്തക്കേട്. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 706 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. എന്നാൽ കൊല്ലം നഗരത്തിൽ മാത്രം 540 പേർ നിരീക്ഷണത്തിലുണ്ടെന്നാണ് കൊല്ലം കോർപ്പറേഷന്റെ കണക്ക്.
കൊല്ലം കോർപ്പറേഷന് പുറമെ നാല് മുനിസിപ്പാലിറ്റികളുടെ കണക്ക് കൂടി ആകുമ്പോൾ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ആരോഗ്യവകുപ്പിന്റെ ജില്ലാതല കണക്കിനെക്കാൾ കൂടുതലാകും. കൊല്ലം നഗരത്തോട് ചേർന്നുള്ള നാല് പഞ്ചായത്തുകളിൽ മാത്രം 164 പേർ നിരീക്ഷണത്തിൽ കഴിയുണ്ടെന്നാണ് കണക്ക്. ബാക്കിയുള്ള 64 പഞ്ചായത്തുകളുടെ കണക്ക് കൂടിയെടുക്കുമ്പോൾ ആകെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ആരോഗ്യ വകുപ്പിന്റെ കണക്കിന്റെ നാലിരട്ടിയെങ്കിലുമാകും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് മാത്രം 894 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അധികൃതർ പറയുന്നു.
കോറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവരെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കുന്നത്. ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവർ വഴിയാണ് തദ്ദേശ സ്ഥാപനങ്ങൾ ആളുകളെ നിരീക്ഷണത്തിലാക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കമുള്ള ആശുപത്രികളിൽ നിന്നാണ് ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്. അടിയന്തര സാഹചര്യമായിട്ടും ഇരു വകുപ്പുകളും തമ്മിൽ ഏകോപനമില്ലെന്നാണ് കണക്കുകളിലെ അന്തരം നൽകുന്ന സൂചന. ഇത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യപരിപാലനത്തെയും ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കാനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കുന്നതിനെയും കാര്യമായി ബാധിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ കണക്ക്
കൊല്ലം കോർപ്പറേഷൻ: 540
പരവൂർ മുനിസിപ്പാലിറ്റി:120
പുനലൂർ മുനിസിപ്പാലിറ്റി: 162
കൊട്ടാരക്കര മുനിസിപ്പാലിറ്റി: 73
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 43
പഞ്ചായത്തുകളുടെ കണക്ക്
മൺറോത്തുരുത്ത്: 42
മയ്യനാട്: 38
തൃക്കരുവ: 52
നീണ്ടകര: 32