corona-
CORONA

കൊല്ലം: ''ടി.വിയിൽ എഴുതിക്കാണിക്കുന്നുണ്ട്. മരുന്നെത്തിക്കും ഭക്ഷണമെത്തിക്കും എന്നൊക്കെ. ഞങ്ങളെ ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല.'' കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികൾ വീട്ടിലെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയ പുനലൂർ സ്വദേശിയായ മദ്ധ്യവയസ്കയുടെ വാക്കുകളാണിത്. ഇവരുടെ മാത്രമല്ല കേരളത്തിൽ നിരീക്ഷണത്തിലുള്ള പലരുടെയും ദൈന്യതയാണിത്. തദ്ദേശസ്ഥാപനങ്ങളുടെ അലംഭാവമാണ് മുഖ്യ കാരണം.

റാന്നി സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈമാസം 8ന് വൈകിട്ട് മദ്ധ്യവയസ്കയെയും മകളെയും കൊച്ചുമകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് 10ന് വീട്ടിലേക്കു മടക്കിഅയച്ചു. 28 ദിവസം വീടിനു പുറത്തേക്ക് ഇറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ആവശ്യമുള്ള സാധനങ്ങളെല്ലാം വീട്ടിലെത്തിക്കുമെന്നും പറഞ്ഞു. പക്ഷേ, ഒരുമണി അരിപോലും ആരും എത്തിച്ചിട്ടില്ല.

''നേരത്തെ വാങ്ങിസൂക്ഷിച്ചിരുന്ന പലവ്യഞ്ജനങ്ങളെല്ലാം തീർന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. ബന്ധുക്കൾ ഫോണിൽ വിളിച്ചാണ് കാര്യങ്ങൾ തിരക്കുന്നത്. ആരും വരാറില്ല. പരിശോധനയിൽ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും നാട്ടുകാരിൽ പലർക്കും വിശ്വാസമായിട്ടില്ല. തങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയാൽ നാട്ടുകാരെല്ലാം ആശങ്കയിലാകും. ബുധനാഴ്ച ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. ഭക്ഷണസാധനങ്ങളൊക്കെ തീർന്നെന്ന് പറഞ്ഞപ്പോൾ ഉടൻ എത്തിക്കാമെന്ന് പറഞ്ഞു. ഇതുവരെ ഒന്നും കിട്ടിയില്ല. ഇനിയും വൈകിയാൽ ഞങ്ങൾ പട്ടിണി കിടന്ന് ചാകും." മദ്ധ്യവയസ്ക പറഞ്ഞു.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ,​ തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നാണ് ഈ കുടുംബത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നത്.