കൊല്ലം: കൊല്ലം ക്യു.എ.സി റോഡിൽ ഉണ്ണിച്ചേട്ടന്റെ കടയിൽ തിരക്കായി വരുന്നതേയുള്ളൂ. ചേട്ടാ, രണ്ട് ചായ. പവർ ബൈക്കിൽ പറന്നെത്തിയ ഫ്രീക്കന്മാരുടെ ശബ്‌ദം ഇത്തിരി ഉച്ചത്തിലാണ്. ദേ അവിടെ, വെള്ളവും ഹാൻഡ് വാഷുമുണ്ട്. ആദ്യം കൈകഴുക്, പിന്നെ ചായ തരാം. അതേ ശബ്‌ദത്തിൽ ഉണ്ണിച്ചേട്ടന്റെ മറുപടി.
പാറി കിടന്ന മുടിയൊതുക്കിയ ഫ്രീക്കന്മാർ സമീപത്തെ ശീലാന്തി മരത്തിന്റെ തണലിൽ ഇരിക്കുന്ന ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകി. കൈ കഴുകിയാലേ ചായ തരൂ എന്ന് പറഞ്ഞ നഗരത്തിലെ ആദ്യ ചായ കച്ചവടക്കാരനും ഒരു പക്ഷേ ഉണ്ണിച്ചേട്ടനായിരിക്കും. ഉണ്ണിച്ചേട്ടന്റെ കടയിൽ ഹാൻഡ് വാഷ് കോർണർ വന്ന ശേഷമാണ് റെയിൽവേ സ്റ്റേഷനിലും സിവിൽ സ്റ്റേഷനിലും വരെ ഹാൻഡ് വാഷ് കോർണറുകൾ സജ്ജമായത്.
കൊറോണക്കാലം നാടിന് പകർന്നത് ശുചിത്വ ബോധത്തിന്റെ സന്ദേശമാണ്. കൈ കഴുകാതെ ഉന്തിതള്ളി കല്ല്യാണ സദ്യ കഴിക്കാൻ കയറിയിരുന്നവരാണ് നമ്മളിൽ പലരും. ബസിലും ട്രെയിനിലും എന്നുവേണ്ട കണ്ണിൽ കണ്ടിടത്തൊക്കെ പിടിച്ചശേഷം തട്ടുകടയിൽ കയറി ചായയും കടിയും കഴിച്ച് കുശലം പറഞ്ഞ് നടന്നവരാണ് ഏറെയും.
കുട്ടിക്കാലത്ത് അമ്മയും അദ്ധ്യാപകരും പഠിപ്പിച്ച ശുചിത്വ ബോധങ്ങൾ വഴിയിലെവിടെയോ ഉപേക്ഷിച്ചാണ് മിക്കവരും ജീവിത വഴിയിലൂടെ നടക്കാൻ തുടങ്ങിയത്. എന്നാലിപ്പോൾ നിശ്ചിത സമയം കൂടുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകുന്നു. അതിന് കഴിയുന്നില്ലെങ്കിൽ സാനിറ്റൈസർ കൈകളിൽ തേക്കുന്നു.
ഈ ശുചിത്വ ബോധം തുടരാനായാൽ കൊറോണയെന്നല്ല, ആണ്ടോടാണ്ട് മലയാളിയെ വരിഞ്ഞ് മുറുക്കുന്ന എല്ലാ പകർച്ച വ്യാധികളെയും വരുതിയിലാക്കാം. മാലിന്യം പുറത്തേക്ക് വലിച്ചെറിയുക, അപകടകരമായ ഭക്ഷണ സംസ്‌കാരം തുടങ്ങി ശരിയല്ലാത്ത എല്ലാ വഴികളിൽ നിന്നും തിരിഞ്ഞ് നടക്കുകയാണിപ്പോൾ. കൊറോണക്കാലം കഴിയുമ്പോൾ വഴിയിൽ ഉപേക്ഷിക്കേണ്ടതല്ല, ജീവിതചര്യയായി ഒപ്പം കൂട്ടേണ്ടതാണ് ഈ ശുചിത്വ ബോധത്തെ.