punaloorr
വിജനമായ പുനലൂർ ടൗൺ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിലെ ചിത്രം

പുനലൂർ: കൊറോണ വൈറസിനെ സംബന്ധിച്ചുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുനലൂരിലെ വ്യാപാരികളും കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. രോഗഭീതിയിൽ ജനങ്ങൾ പുറത്തിറങ്ങാതായതോടെയാണ് കച്ചവടക്കാർ പ്രതിസന്ധിയിലായത്. ഉത്സവങ്ങൾ, വിവാഹങ്ങൾ അടക്കമുള്ള പൊതുചടങ്ങുകൾ ലളിതമായാണ് നടത്തുന്നത്. ഇതോടൊപ്പം ടൗണും ഇപ്പോൾ വിജനമാണ്.

പുനലൂർ ശ്രീരാമപുരം മാർക്കറ്റും സമീപ പ്രദേശങ്ങളിലെ കരവാളൂർ, തെന്മല, കഴുതുരുട്ടി അടക്കമുളള പഞ്ചായത്തുകളിലെ മാർക്കറ്റുകളും ജനങ്ങൾ എത്താതായതോടെ നിശ്ചലമായി. മറ്റ് സ്ഥാപനങ്ങളുടെ അവസ്ഥയും സമാനമാണ്. വ്യാപാരശാലകൾ രാവിലെ തുറന്നാലും സാധനങ്ങൾ വാങ്ങാൻ ആരും ഇല്ലാത്ത അവസ്ഥയും ചില ദിവസങ്ങളിൽ ഉണ്ടാകുന്നതായി കച്ചവടക്കാർ പറയുന്നു. വസ്ത്ര, സ്വർണ്ണ, വ്യാപാരശാലകൾക്ക് പുറമേ സ്റ്റേഷനറി, ഹാർവെയർ സ്റ്റോറുകൾ, ഹോട്ടൽ, ബേക്കറി അടക്കമുള്ള ചെറുതും, വലുതുമായ കച്ചവട സ്ഥാപനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. പല സ്ഥാപന ഉടമകളും വായ്പയെടുത്താണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ തിരിച്ചടവുകൾ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു.

കാർഷിക മേഖലയിലും സമാന അവസ്ഥയാണ് നേരിടുന്നത്. മാർക്കറ്റുകളുടെ പ്രവർത്തനം നിലച്ചതോടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. ചുട്ടുപൊളളുന്ന വേനലിൽ വെള്ളം തലച്ചുമടായി എത്തിച്ചാണ് പലരും കൃഷി നടത്തിയിരുന്നത്. ഇവരാണ് മുടക്കുമുതൽ പോലും ലഭിക്കാതെ കടക്കെണിയിലായത്. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ എത്തിച്ചാൽ ഉത്പന്നങ്ങൾ എത്തിച്ചാൽ അവരും മുഖംതിരിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.

ടാക്സി തൊഴിലാളികളും ദുരിതത്തിൽ

ടൗണിലേക്ക് ജനം എത്താതായതോടെ ടാക്സി കാറുകളും ഓട്ടോറിക്ഷകളും ഓടിക്കുന്ന തൊഴിലാളികളും ദുരിതത്തിലാണ്. രണ്ടാഴ്ചയായി പലപ്പോഴും കൈനീട്ടം പോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.

ചുട്ടുപൊള്ളുന്ന വെയിൽ രാവിലെ മുതൽ വൈകുവോളം ടൗണിലെ സ്റ്റാൻഡിൽ കിടന്നാൽ ആരും തിരിഞ്ഞുനോക്കാറില്ല. ഇതോടെ പല ടാക്സികളും സ്റ്റാൻഡിൽ എത്താതെ വീടുകളിൽ ഒതുക്കിയിട്ടിരിക്കുകയാണ്. ഫിനാൻസിട്ട് വാഹനങ്ങൾ വാങ്ങിയവർ തങ്ങളുടെ തിരിച്ചടവ് മുടങ്ങുമോയെന്ന ആശങ്കയുടെ നടുവിലാണിപ്പോൾ.

ബസുകളും കാലി

സ്വകാര്യ ബസുകളിൽ ഏറിയ പങ്കിനും ഇപ്പോൾ സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. യാത്രക്കാർ ഇല്ലാത്തതാണ് ഇവർക്കും തിരിച്ചടിയാകുന്നത്. കെ.എസ്.ആർ.ടി.സിയുടെ അവസ്ഥയും മറിച്ചല്ല. പുനലൂർ ഡിപ്പോയിലെ കളക്ഷൻ പകുതിയിൽ താഴെയായി കുറഞ്ഞു. ഇതോടെ സർക്കാരിന്റെ വരുമാനവും ദിനംപ്രതി ഇടിയുകയാണ്.