അരമണിക്കൂറോളം വിൽപ്പന നിറുത്തിവച്ചു
കൊല്ലം: കൺസ്യൂമർ ഫെഡിന്റെ ആശ്രാമത്തെ മദ്യവിൽപ്പന ശാല യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് ശേഷം പ്രകടനമായെത്തിയാണ് വിൽപ്പനശാല ഉപരോധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തുന്നതിന് മുമ്പ് സ്ഥലത്തെത്തിയ പൊലീസ് ഉപഭോക്താക്കളെ മുഴുവൻ പുറത്തിറക്കി വിൽപ്പനശാല പൂട്ടി. തുറന്നുകിടന്ന വാതിലിലൂടെ അകത്ത് കയറാൻ പ്രവർത്തർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. അഞ്ച് മിനിട്ടിലേറെ പ്രവർത്തകരും പൊലീസും തമ്മിൽ ശക്തമായ വാക്കേറ്റവും ഉന്തും തള്ളമുണ്ടായി. തുടർന്ന് നടന്ന ഉപരോധം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സെക്രട്ടറിമാരായ കുരുവിള ജോസഫ്, വിഷ്‌ണു സുനിൽ പന്തളം, ജില്ലാ വൈസ് പ്രസിഡന്റ് വിനു മംഗലത്ത്, ജില്ലാ സെക്രട്ടറി പി.കെ.അനിൽകുമാർ, ബ്ലോക്ക് പ്രസിഡന്റുമാരായ ശരത്ത് മോഹൻ, പിണയ്‌ക്കൽ ഫൈസ് എന്നിവർ സംസാരിച്ചു. ജില്ലയിലുടനീളം സമരം വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് പറഞ്ഞു.