crowd
ആൾക്കൂട്ടം

കൊല്ലം: കൊറോണയുടെ സാമൂഹ്യ വ്യാപനം ഭയക്കുന്ന ഘട്ടത്തിലും ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമാകുന്നില്ല. ജില്ലാ ഭരണകൂടവും സർക്കാരും നൽകിയ എല്ലാ നിർദേശങ്ങളും അവഗണിച്ച് ജനങ്ങൾ പലയിടത്തും സംഘടിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ആരാധനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയെങ്കിലും വിവിധ ചടങ്ങുകൾക്കായി ഒത്തുകൂടുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. 14 ദിവസത്തെ കർശന ഗൃഹ നിരീക്ഷണം തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ച പലരും ബന്ധുവീടുകളിലും ആരാധനാ കേന്ദ്രങ്ങളിലുമൊക്കെ കറങ്ങുകയാണ്. 31 വരെയാണ് സംസ്ഥാന സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളും ജാഗ്രതയും കൂടുതൽ ദിവസങ്ങളിൽ വേണ്ടി വന്നേക്കാം.

കൊറോണ പ്രതിരോധത്തിൽ അടുത്ത രണ്ടാഴ്‌ച അതിനിർണായകമെന്നാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രാദേശിക വ്യപനമെന്ന രണ്ടാം ഘട്ടത്തിലാണ് രാജ്യം. സാമൂഹ്യവ്യാപനമാണ് മൂന്നാം ഘട്ടം. ഇതിനെ നേരിടാനാണ് സർക്കാർ സംവിധാനങ്ങൾ നിയന്ത്രങ്ങൾ കർക്കശമാക്കിയിരിക്കുന്നത്. ജനങ്ങളുടെ സഹകരണമില്ലെങ്കിൽ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും പാളിപ്പോയേക്കാം. 50 പേരിൽ കൂടുതൽ ഒരിടത്തും ഒന്നിക്കരുതെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും ഇതിനെ ലംഘിക്കാനുള്ള താൽപ്പര്യമാണ് പലയിടങ്ങളിലും കാണുന്നത്. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ സർവകലാശാലാ പരീക്ഷകളടക്കം മാറ്റിവയ്ക്കുമ്പോഴും കുടുംബത്തിലെ ആഘോഷ ചടങ്ങുകൾ ലളിതമാക്കാൻ തയ്യാറാകാത്തവർ ഇപ്പോഴുമുണ്ട്. നിരവധി ജനങ്ങളുടെ പങ്കാളിത്തോടെ ആഘോഷ വിവാഹങ്ങൾ ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു.

നിങ്ങൾ കേസെടുത്തോളൂ,

ഞങ്ങളൊത്തുകൂടും

നിർദേശങ്ങൾ അവഗണിച്ച് ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസടുക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇത് ഓർമ്മിപ്പിക്കുന്ന ഉദ്യോഗസ്ഥരോട് നിങ്ങൾ കേസെടുത്തോളൂ, ഞങ്ങളത് പരിഗണിക്കുന്നില്ലെന്നാണ് പലരുടെയും നിലപാട്. സ്വകാര്യ ചടങ്ങുകൾ നിയന്ത്രിക്കാൻ ഇടപെടുമ്പോഴും ആരാധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ട്. സ്വയം നിയന്ത്രണമല്ലാതെ ഈ വിഷയത്തിൽ മറ്റൊന്നും ചെയ്യാനില്ല.

നാടിന് വേണ്ടിയാണ്

രോഗ ബാധിത മേഖലകളിൽ നിന്ന് മടങ്ങിയെത്തുന്നവർ 14 ദിവസം ഗൃഹനിരീക്ഷണത്തിൽ തുടരണമെന്നും ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കണമെന്നും നിർദേശിച്ചത് രോഗവ്യാപനം തടയാനാണ്. സാമൂഹിക ഉത്തരവാദിത്വം ഇല്ലാതെ പെരുമാറിയാൽ മഹാമാരിയെ തടഞ്ഞ് നിറുത്തുക അസാദ്ധ്യമാകും.

''

ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. ഇതിനെ മറികടക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

ബി.അബ്‌ദുൽ നാസർ

ജില്ലാ കളക്ടർ