പകരം സംവിധാനം ഒരുക്കാനോ ടാങ്കറുകളിൽ ജലം എത്തിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം
അഞ്ചാലുംമൂട് : നഗരസഭയുടെ നീരാവിൽ ഡിവിഷൻ ഭാഗത്തും കുരീപ്പുഴയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ഒരാഴ്ചയായി കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് പരാതി. നീരാവിൽ ഡിവിഷനിൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പമ്പ് ഹൗസിൽ നിന്ന് ലഭിക്കുന്ന വെള്ളമാണ് ഇവിടത്തുകാർ കൂടുതലായും ഉപയോഗിക്കുന്നത്. പമ്പ് ഹൗസിനോട് ചേർന്നുള്ള കുഴൽക്കിണറിലെ മോട്ടോർ കേടായതിനാലാണ് ജലലഭ്യത കുറയുന്നതെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ പകരം സംവിധാനം ഒരുക്കാനോ ടാങ്കറുകളിൽ ജലം എത്തിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സമീപപ്രദേശത്തെ വീടുകളിലെ കിണറുകളാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം.
കേടായ മോട്ടോർ ഇളക്കിക്കൊണ്ട് പോകുമ്പോൾ പകരം മോട്ടോർ സ്ഥാപിക്കാത്തതാണ് പല ഇടങ്ങളിലും പമ്പ് ഹൗസ് പ്രവർത്തനം നിറുത്തിവയ്ക്കാൻ കാരണം. കരാറുകാർ മോട്ടോർ ഇളക്കിമാറ്റുമ്പോൾ പകരം മോട്ടർ സ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പമ്പ് ഹൗസ് പ്രവർത്തനം അടിയന്തരമായി ആരംഭിക്കുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ വേണം.
ഡി. ബിജു (അംശു), എസ്.എൻ.ഡി.പി യോഗം 564 -ാം നമ്പർ നീരാവിൽ ശാഖാ സെക്രട്ടറി
മോട്ടോർ നന്നാക്കാനായി കൊണ്ടുപോയപ്പോൾ മുതൽ കരാറുകാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. പെട്ടെന്ന് പ്രശ്നം പരിഹരിക്കാം എന്ന തരത്തിലാണ് അവർ പ്രതികരിച്ചത്. എന്നാൽ ഒരാഴ്ചയായിട്ടും മോട്ടോർ നന്നാക്കി തിരികെ സ്ഥാപിക്കാനായില്ല. തങ്ങൾ ജോലിചെയ്യുന്നതിന്റെ കൂലി ലഭിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. മോട്ടോർ ഇളക്കിയെടുക്കുന്നതിന് മുമ്പ് പകരം മോട്ടോർ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണം.
ബി. അനിൽ കുമാർ, നീരാവിൽ ഡിവിഷൻ കൗൺസിലർ
മോട്ടോർ പുറത്തെടുത്തത് തിങ്കളാഴ്ച
കുടിവെള്ളം പമ്പ് ചെയ്യുന്നത് ഒരാഴ്ചയായി മുടങ്ങിയിട്ടും തിങ്കളാഴ്ച മാത്രമാണ് മോട്ടോർ പുറത്തെടുത്തത്. അറ്റകുറ്റപ്പണി നടത്തിയ ശേഷം ബുധനാഴ്ച മോട്ടോർ തിരികെ സ്ഥാപിക്കുമെന്നാണ് കരാറുകാർ പറഞ്ഞതെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ജലവിഭവ വകുപ്പിൽ നിന്ന് മോട്ടോർ നന്നാക്കുന്നതിന് കരാറെടുത്തത് സ്വകാര്യ വ്യക്തികളാണ്. കോയമ്പത്തൂരിൽ കൊണ്ടുപോയി വേണം ഇവ നന്നാക്കാനെന്നും അതിന് സമയമെടുക്കുമെന്നുമാണ് ഇവരുടെ വാദം.